നീതിക്കും സത്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ജഡ്ജി അമ്മാവൻറെ ക്ഷേത്രം; നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുമ്പോൾ ദിലീപിന് അമ്മാവൻ തുണയാകുമോ??

കോട്ടയം ജില്ലയിലെ പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് ചെറുവളളി ദേവി ക്ഷേത്രം. വളരെ കാലങ്ങളായി നീണ്ടുപോകുന്ന കേസുകളിലും വ്യവഹാരങ്ങളിലും കുരുങ്ങി, നീതി ലഭിക്കാന്‍ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന അമ്പലം കൂടിയാണിത്.
എന്നാൽ ഇവിടെ വരുന്നവർ മുഖ്യപ്രതിഷ്ഠയായ ദേവിയുടെ അടുത്തല്ല കേസിന്റെ കാര്യങ്ങളും സങ്കടവും ഒക്കെ പറയുന്നത്. പ്രധാന ക്ഷേത്രത്തിന്റെ ഒരു വശത്ത് ചെറിയൊരു ഉപദേവതാ പ്രതിഷ്ടയുണ്ട്. അവിടെയാണ് ജഡ്ജി അമ്മാവന് കുടി കൊള്ളുന്നത്. ദേവിയുടെ തുല്യ പ്രാധാന്യം തന്നെയാണ് ഈ ജഡ്ജി അമ്മാവനും ഉള്ളത്. ദേവീക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് എല്ലാ നടയും അടച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജി അമ്മാവന്റെ പൂജകള്‍ ആരംഭിയ്ക്കുന്നത്. അവിടെ നടക്കുന്ന പൂജകൾ ശൈവ സങ്കൽപ്പ പ്രകാരമാണ്.
വഴനയിലയില്‍ ഉണ്ടാക്കുന്ന ഒരു തരം അടയാണ് ജഡ്ജി അമ്മാവന്റെ പ്രധാന നിവേദ്യം. കരിക്ക്, വെറ്റില, പാക്ക്, എന്നിവ ചേര്‍ത്ത് കുടിയ്ക്കാന്‍ കൊടുക്കല്‍ എന്നൊരു വഴിപാടുകൂടി ഉണ്ട്. ജഡ്ജി അമ്മാവനെ കാണാന്‍ വരുന്നവര്‍ ആദ്യം ദേവിയെ പ്രാര്‍ത്ഥിക്കുകയും വഴിപാടു കഴിക്കുകയും വേണം. എന്നാൽ പകല്‍ സമയം ജഡ്ജി അമ്മാവന് പൂജകള്‍ ഒന്നും ഇല്ല. മറ്റു ദേവതകള്‍ക്കുളള പൂജകള്‍ എല്ലാം പൂര്‍ത്തിയാക്കി അത്താഴപൂജയ്ക്കും ശേഷം രാത്രി എട്ട് മണിയോടെയെ ജഡ്ജി അമ്മാവനുളള പൂജകള്‍ ആരംഭിക്കു.
അമ്പലത്തില്‍ കാളി യക്ഷി എന്നീ ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. പ്രധാന ദിവസങ്ങളിലെല്ലാം പ്രത്യേക പൂജകളും ഉണ്ട്. മറ്റ് പൂജകള്‍ എല്ലാം കഴിഞ്ഞതിന് ശേഷമാണ് കോടതി സംബന്ധമായ വിഷയങ്ങളുമായി വലയുന്നവര്‍ ജഡ്ജി അമ്മാവന്റെ അടുത്തെത്തി പൂജകൾ നടത്തുന്നത്.
കേരള മുഖ്യമന്ത്രി കെ കരുണാകരന്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവരൊക്കെ അവിടെ വട വഴിപാടു നടത്തിയത് വാര്‍ത്തയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും രാഷ്ട്രീയക്കാരും ഇവിടെയെത്താറുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടന്നപ്പോള്‍ അന്നത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള സംഘം ഒരാഴ്ചയോളം ഇവിടെ പ്രത്യേക വഴിപാടിനായി എത്തിയിരുന്നു.
അതേപോലെ അമ്മാവന്റെ മുന്നില്‍ നീതിയുടെ പ്രസാദം തേടി എത്തിയവരാണ് ക്രിക്കറ്റ് താരം ശ്രീശാന്തും നടന് ദിലീപും. ഒത്തുകളി വിവാദത്തില്‍ കേസില്‍ പെട്ട ശ്രീശാന്ത് പിന്നീട് നിരപരാധിത്വം കോടതിയില്‍ തെളിയിക്കുകയും ചെയ്തു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ദിലീപ് 2019 മാര്‍ച്ച് 9 നാണ് അമ്പലത്തിൽ എത്തി അടനേദ്യവും കരിക്കഭിഷേകവും നടത്തിയത്. ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായിൽ സഹോദരന് അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന് കോവിലില്‍ വഴിപാട് നടത്തിയിരുന്നു.
എന്നാൽ എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക്, പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജഡ്ജി അമ്മാവന് കോവിൽ എന്നാണ് പറയുന്നത്. സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും ഗുണം ചെയ്തേക്കും. കാരണം ജീവിതം മുഴുവന്‍ ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിച്ച ഒരു പിതാമഹന്റെ അനുഗ്രഹവും സാന്നിധ്യവും ഈ ക്ഷേത്രത്തിൽ ഉണ്ടെന്നാണ് വിശ്വാസം.
വിശ്വാസവും യാഥാര്‍ത്ഥ്യവും എന്തൊക്കെയാണെങ്കിലും ഐതിഹ്യപ്പെരുമയുള്ള ഇവിടേക്ക് ഹര്‍ജികളുമായി എത്തുന്നവരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തു മഠത്തിലെ ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവനായി മാറുന്നത്. സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു.
ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റാണെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്. ആദ്യമായി തന്റെ വിധിന്യായത്തില്‍ തെറ്റ് സംഭവിച്ച പിളളയ്ക്കത് തീരാകളങ്കമായി. വളരെ ദുഖിതനായ അദ്ദേഹം രാജാവിന് മുന്നില്‍ ചെന്ന് കാര്യം അവതരിപ്പിച്ചു. തെറ്റ്പറ്റി എന്നും തന്നെ ശിക്ഷിക്കണമെന്നും അപേക്ഷിച്ചു. ആദ്യം അംഗീകരിക്കാതിരുന്ന രാജാവ് പിളളയുടെ നിര്‍ബന്ധം കാരണം അത് അംഗീകരിച്ചു.
സ്വയം ശിക്ഷ തീരുമാനിക്കാന്‍ പിളളയ്ക്ക് അധികാരം നല്കി. തന്റെ കാല് പാദങ്ങള്‍ വെട്ടിക്കളഞ്ഞ്, കഴുമരത്തിലേറ്റണമെന്നും നാട്ടുകാര്‍ അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. മനസില്ലാമനസോടെ രാജാവ് ശിക്ഷ നടപ്പിലാക്കി.
മോക്ഷം കിട്ടാത്ത പിളള അലഞ്ഞു നടക്കാന്‍ തുടങ്ങി. നാട്ടില്‍ അനിഷ്ടങ്ങള്‍ കൂടി. പരിഹാരത്തിനായി പ്രശ്നം വെച്ചപ്പോള്‍ അറിഞ്ഞു പിളളയ്ക്ക് മോക്ഷം ലഭിച്ചിട്ടില്ല, അദ്ദേഹത്തെ ആവാഹിച്ച് മൂലക്ഷേത്രത്തില് പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞു. ഇതൊടെ ദേവീഭക്തനായിരുന്ന പിളളയുടെ ആത്മാവിനെ ചെറുവളളി ക്ഷേത്രത്തില്‍ ആവാഹിച്ച് കുടിയിരുത്തി. 1978ല്‍ അദ്ദേഹത്തിന്റെ പിന്മുറക്കാര് ഇത് ക്ഷേത്രമാക്കി മാറ്റി. അങ്ങനെ ജഡ്ജി ഗോവിന്ദപിളള, ജഡ്ജി അമ്മാവനായി.
പിന്നീട് കോടതിവിധികളിലും വ്യവഹാരങ്ങളിലും പെടുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നിയമം അറിയുന്ന ജഡ്ജിയമ്മാവന്റെ പേരില്‍ പ്രാര്‍ഥനകളും പൂജകളും തുടങ്ങിയത്. അടുത്ത് തന്നെ ദിലീപിന്റെ കേസിലെ വിധിയും ഉണ്ടാകും എന്നാണ് കരുതുന്നത്. ജഡ്ജിയമ്മാവൻ സത്യത്തിനൊപ്പമാണോ, അതോ പൂജകൾക്കും വഴിപാടിനും ഒപ്പമാണോ എന്ന കാര്യവും അപ്പോൾ അറിയാൻ കഴിയും.