ഡോ. എസ് ജയശങ്കറും യുഎസ് മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയതും എച്ച്-1ബി വിസ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതും മൂലം ഉഭയകക്ഷി ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ന്യൂയോര്‍ക്കില്‍ വെച്ച് മാര്‍ക്കോ റൂബിയോയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. ഞങ്ങള്‍ ബന്ധം തുടരും. കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്സിൽ കുറിച്ചു. ജൂലൈയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇതിന് മുമ്പ് ജയശങ്കറും റൂബിയോയും കൂടിക്കാഴ്ച നടത്തിയത്. വ്യാപാര ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസിലുണ്ട്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി തിങ്കളാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച്, മെയ് മാസങ്ങളിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയുമായി വ്യാപാര ചർച്ചകൾ ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മാർച്ച് മുതൽ ജൂലൈ വരെ അഞ്ച് റൗണ്ട് ചർച്ചകളാണ് നടന്നത്.