കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നടന്നത്. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അന്വേഷണ സംഘം പിടിച്ചെടുത്തു. അതേസമയം കെ ജെ ഷൈനിൻ്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലയെന്ന് ഷാജഹാൻ പൊലീസിനോട് വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാനെതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. ‘പരനാറി’ മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഷാജഹാൻ കയറിയ ഓട്ടോറിക്ഷയും പ്രവർത്തകർ തടഞ്ഞു. പുതിയതൊന്നും പറയാനില്ലെന്നും മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ അന്വേഷണ സംഘത്തോടും പറഞ്ഞുവെന്നും ഷാജഹാൻ പ്രതികരിച്ചു. മറ്റു കാര്യങ്ങളൊന്നും അറിയില്ലയെന്നും രേഖകളൊന്നും ചോദിച്ചിട്ടില്ലായെന്നും കെ എം ഷാജഹാൻ പറഞ്ഞു.