ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റുവൻ അസർ

ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഇന്ത്യയുടെ സഹായം വേണമെന്നും ഒരു മാധ്യമ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്. നിങ്ങള്‍ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങള്‍ നിർമിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് ചെയ്യാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്” – റുവൻ അസർ പറഞ്ഞു.
ഇസ്രയേല്‍-പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തിങ്കളാഴ്ച 20 ഇനങ്ങളടങ്ങിയ സമാധാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിർദേശമുണ്ട്.
ഡോണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്കും, പശ്ചിമേഷ്യൻ മേഖലയ്ക്ക് മൊത്തത്തിലും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായൊരു വഴിയാണിതെന്ന് മോദി പ്രതികരിച്ചു. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.