റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം
വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിലാണ് നടപടികൾ. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം ആർഡിഓയിൽ നിന്ന് ലഭിച്ചിരുന്നു. തുടര്ന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇന്നത്തേക്ക് പോസ്റ്റ്മോർട്ടം തീരുമാനിച്ചത്.
ഈ വർഷം മാർച്ച് ഒന്നിനാണ് റിഫയെ ദുബൈയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. റിഫയുടെ ബന്ധുക്കളാണ് മരണത്തിൽ സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് പിന്നിലെ മാനസിക പീഡനത്തിന്റെ കാരണം കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാവുന്നതോടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും അന്വേഷണ സംഘവും.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് കാക്കൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാനസിക, ശാരീരിക പീഡനങ്ങൾ ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Content Highlight: Vlogger Rifa Mehnu’s body to be exhumed today for autopsy.