കേന്ദ്രത്തിന് പാവങ്ങളുടെ കടം തള്ളാൻ പറ്റില്ലേയെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാനമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. രാജീവ് ചന്ദ്രശേഖർ പറയുന്ന വാദങ്ങൾതന്നെയാണ് കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഉന്നയിച്ചത്. രാജീവ് ചന്ദ്രശേഖർ പറയുന്ന ന്യായവാദങ്ങൾക്കുള്ള മറുപടി കോടതി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര വാദം കോടതിയിൽ ഉന്നയിച്ച അഭിഭാഷകനോട് കോടതി പറഞ്ഞത് അറിയില്ലെങ്കിൽ പോയി ഭരണഘടന വായിച്ച് വരൂവെന്നും ആരെയാണ് വിഡ്ഢികളാക്കുന്നത് എന്നുമാണ്. കേരളം ഈ ചോദ്യമാണ് അവരോട് ചോദിക്കുന്നതെന്നും മന്ത്രിവ്യക്തമാക്കി.
ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രത്തിന് സാധിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പക്ഷമെങ്കിൽ, 2005ൽ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സെക്ഷൻ കേരളത്തിലെ പാവങ്ങൾക്കായി ഉപയോഗിക്കാൻ എന്താണ് പ്രശ്നമെന്നും രാജൻ പറഞ്ഞു.