2000 പലസ്തീനികളെ വിട്ടയക്കുമ്പോൾ 20 ഇസ്രായേലികളെ മോചിപ്പിക്കും: ഹമാസും ഇസ്രായേലും കരാറിൽ ഒപ്പ് വെച്ചു, ഗാസയിൽ സമാധാനം

രണ്ട് വര്‍ഷങ്ങൾ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചുവെന്നും ചര്‍ച്ച വിജയിച്ചുവെന്നുമുള്ള അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു.
ഈ ധാരണ പ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചതായി ട്രംപ് അറിയിച്ചത്. ഒക്ടോബര്‍ 7 മുതലുള്ള ഏറ്റവും ഒടുവിത്തെ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിൻ്റെ രണ്ടാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് എത്തുന്നത്.
എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും സമാധാനത്തിലേക്കുള്ള ആദ്യപടിയാണെന്നും ഇസ്രയേൽ വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാൻ സാധ്യതയുണ്ടെന്നും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അറബ്, മുസ്ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്ര നിമിഷം സാധ്യമാക്കാൻ തങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് തങ്ങൾ നന്ദി പറയുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതെ സമയം ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും മറ്റും വേഗത്തിൽ നടപ്പിലാക്കാൻ വേണ്ടി ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ഇന്ന് രാവിലെ പതിവ് പോലെ വാഷിങ്ടൺ ഡിസിയിലെ വാൾട്ടർ റീഡ് മെഡിക്കൽ സെൻ്ററിൽ ട്രംപ് വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നും കരോലിൻ ലീവിറ്റ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറുമായ ബന്ധപ്പെട്ട അന്തിമ ചർച്ചകൾ നടക്കുകയാണ്. ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ ഈജിപ്തിൻ്റെ ഇൻ്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കരാറിൽ ഒപ്പ് വയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇന്ന് വെടിനിർത്തൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ഗാസ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടം അംഗീകരിച്ചതിന് പിന്നാലെ ബന്ദികളെ വിട്ടയക്കാന്‍ തയ്യാറായതായി ഹമാസ് അറിയിച്ചു. ഇസ്രയേലില്‍ തടവില്‍ കഴിയുന്ന 2000 പലസ്തീനിയന്‍ തടവുകാര്‍ക്ക് പകരം ഗാസയിലുള്ള 20 ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ട് നല്‍കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പലസ്തീനികളെയും ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേല്‍ തടവിലാക്കിയ 1700 പേരെയും വിട്ടയക്കാനാണ് ഹമാസ് ആവശ്യപ്പെട്ടത്. കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ കൈമാറ്റം നടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഗാസയില്‍ നിന്നുള്ള ബന്ദികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യവും അറിയിച്ചു. ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുമെന്നും ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു.
ഈജിപ്തില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഹമാസും ഇസ്രയേലും ഒപ്പുവെച്ചത്.
ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ‘കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല’, എന്നും ഹമാസ് വ്യക്തമാക്കി.