ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ല!!!

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ല. ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഇരുവരുടെയും മൃതദേഹങ്ങൾ വെടിനിർത്തൽ, ബന്ദിമോചന കരാറിന്റെ ഭാഗമായി തിരിച്ച് നൽകണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്. സിൻവാറിന്റെ മൃതദേഹം വിട്ടുനൽകിയാൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ഒരു വലിയ സംഭവമായി മാറാനും, അദ്ദേഹത്തിന്റെ ശവകുടീരം ഒരു തീർത്ഥാടന കേന്ദ്രമാകാനും സാധ്യതയുണ്ടെന്ന് ഇസ്രായേൽ ഭയക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്രായേൽ തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീനികളെയും നിരവധി പേരുടെ മൃതദേഹങ്ങളും തിരികെ നൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യഹ്യ സിൻവാറിൻറെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ തിരികെ നൽകില്ലെന്നാണ് ഇസ്രായേൽ നൽകുന്ന സൂചന. ഇസ്രായേൽ ആക്രമണം കൊടുമ്പിരികൊള്ളുമ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊണ്ട യഹ്യ സിൻവാർ 2024 ഒക്ടോബർ 16നാണ് കൊല്ലപ്പെട്ടത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം. മരിക്കുന്നതിന്റെ അവസാന നിമിഷം വരെ പോരാടാനുറച്ച അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് അവശനായിരിക്കുമ്പോഴും കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് ഐ.ഡി.എഫ് ഡ്രോൺ എറിഞ്ഞിടാൻ ശ്രമിക്കുന്നതായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്.
മറ്റൊരു ദൃശ്യത്തിൽ യഹിയ സിൻവാർ പോളോ ടീ ഷർട്ട് ധരിച്ച് അപ്പാർട്ട്മെന്ററിൽ കഴിയുന്നതാണ് ഉള്ളത്. ഈ ദൃശ്യത്തിൽ യഹിയ സിൻവാറിനൊപ്പം മാപ്പുമായി മറ്റൊരാളേയും കാണാം. റഫയിലെ തെൽ അൽ സുൽത്താൻ ബറ്റാലിയന്റെ കമാൻഡർ മഹ്മൂദ് ഹംദാനും സിൻവാറിനൊപ്പം ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇസ്രായേലി ടാങ്കറിനെയും സൈനികരെയും നോക്കിനിൽക്കുന്ന സിൻവാർ, ‘രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള് തുറക്കും’ എന്ന് കാമറയിൽ നോക്കി പറയുന്നുണ്ടായിരുന്നു. കഴിഞ്ഞ വെടിനിർത്തൽ കാലയളവിൽ ഇദ്ദേഹം കൊല്ലപ്പെട്ട അപ്പാർട്ട്മെന്റ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തിയത്.
സിൻവാറും കുടുംബവും ഒളിവിൽ ആഡംബര ജീവിതം നയിക്കുകയാണെന്നായിരുന്നു അദ്ദേഹം കൊല്ലപ്പെടുന്നത് വരെ ഇസ്രായേലും പാശ്ചാത്യമാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, യുദ്ധമുഖത്ത് അദ്ദേഹം കൊല്ലപ്പെടുകയും അതിന്റെ മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരികയും ചെയ്തതോടെ സയണിസ്റ്റ് നുണകൾ ഒന്നൊന്നായി പൊളിഞ്ഞു. ഗസ്സക്കാർ കടുത്ത പട്ടിണിയിലാണെങ്കിലും ഹമാസ് നേതാവ് സിൻവാർ ഭൂഗർഭ അറിയിൽ സുഖ ജീവിതം നയിക്കുകയാണെന്ന് ഇസ്രായേൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗേലാണ് സിൻവാർ മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ് വരെ ഒന്നും കഴിച്ചിരുന്നില്ലെന്ന വിവരം വെളിപ്പെടുത്തിയത്.
ബന്ദി കൈമാറ്റ ഉടമ്പടിയുടെ ആദ്യ ഘട്ടത്തിൽ സിൻവാറിന്റെ മൃതദേഹം തിരികെ നൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. മൃതദേഹം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഉന്നത രാഷ്ട്രീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.
1962-ൽ ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് യഹ്യ സിൻവാർ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം 1948-ലെ യുദ്ധത്തെത്തുടർന്ന് അൽ-മജ്ദൽ അസ്ഖലാനിൽ നിന്ന് പലായനം ചെയ്ത് എത്തിയവരാണ്. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി.
ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളടക്കം, വിവിധ കുറ്റങ്ങൾക്ക് 1989-ൽ അറസ്റ്റിലായ സിൻവാറിനെ നാല് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 22 വർഷം അദ്ദേഹം ഇസ്രായേൽ ജയിലിൽ കഴിഞ്ഞു. 2011-ൽ ഇസ്രായേൽ സൈനികനായ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനുള്ള തടവുകാരുടെ കൈമാറ്റ ഇടപാടിന്റെ ഭാഗമായി അദ്ദേഹം മോചിതനായി.
ജയിൽവാസക്കാലത്ത് സിൻവാർ ഹീബ്രു ഭാഷ പഠിക്കുകയും ഇസ്രായേൽ രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം ഹമാസിന്റെ മുൻനിര നേതാവായി അദ്ദേഹം വളർന്നു.
യഹ്യ ഇബ്രാഹിം ഹസ്സൻ അൽ-സിൻവാർ ഹമാസിന്റെ പ്രമുഖ നേതാവും, 2024 ഓഗസ്റ്റ് മുതൽ അദ്ദേഹം കൊല്ലപ്പെടുന്നതുവരെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ചെയർമാനുമായിരുന്നു. ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം 2024 ഓഗസ്റ്റിലാണ് സിൻവാർ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ചെയർമാനായി നിയമിതനായത്. അതിനുമുമ്പ്, 2017 മുതൽ അദ്ദേഹം ഗാസയിലെ ഹമാസ് തലവൻ എന്ന നിലയിൽ പ്രവർത്തിച്ചു. 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആയി ഇസ്രായേൽ സിൻവാറിനെ കണക്കാക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളുടെ രൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
തെക്കൻ ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് 2024 ഒക്ടോബറിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടത്. പിന്നീട് ഹമാസും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.