അനന്തു അജിയുടെ ആത്മഹത്യ; ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി
ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വെളിപ്പെടുത്തിയ ശേഷം അനന്തു അജി എന്ന യുവാവ് ജീവനനൊടുക്കിയ സംഭവത്തില്‍ ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി. നിയമോപദേശത്തെ തുടര്‍ന്ന് തമ്പാന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. വീഡിയോയില്‍ അനന്തു അജി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ലൈംഗികാതിക്രമം ഉണ്ടായി എന്നാണ് വെളിപ്പെടുത്തല്‍. ഇത് വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം ആദ്യം ചെയ്യുന്നത്.
കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്ത് വച്ചാണ് ജീവനൊടുക്കിയത്. അനന്തു ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ നിധീഷ് മുരളി എന്ന വ്യക്തി തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചിരുന്നു. പക്ഷേ നിധീഷ് മുരളിയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കുറ്റം ചുമത്താമെന്നും നിയമപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് കേസ് പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേസില്‍ അന്വേഷണം നടക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു.












