ഒരു രൂപക്ക് ഹെൽത്ത് ഇൻഷുറൻസ്, സിബിൽ സ്കോർ നോക്കാതെ വീട് നൽകും; ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന് പുറമെ പുതിയൊരു ജ്വല്ലറി ശൃംഖല കൂടെ തുടങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ ഒരുങ്ങുന്നു. ദുബായില്‍ വച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തില്‍ ജ്വല്ലറി ശൃംഖല മാത്രമല്ല ഉള്ളത്. ബോച്ചെ ഹോംസ് എന്ന പേരില്‍ എല്ലാവര്ക്കും വീട് എന്ന പദ്ധതിയും ഉള്‍പ്പെടും.
കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള അവസരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പുതിയ നീക്കം.
സ്വര്‍ണവില കുതിച്ചുയര്‍ന്ന ഘട്ടത്തിലാണ് ബോബി ചെമ്മണ്ണൂര്‍ പുതിയ ജ്വല്ലറി ശൃംഖലയ്ക്ക് തുടക്കമിടാന്‍ പോകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്‍ഡില്‍ നിലവില്‍ 56 ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. വിപണിയില്‍ സ്വര്‍ണവിലയില്‍ ഒരു ക്രമീകരണം വന്ന്, വില നന്നായി കുറയുമെന്ന പ്രവചനവും അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
ഇപ്പോൾ ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോംച്ചെ ഹോംസ് എന്നീ പേരിലുള്ള രണ്ട് വമ്പൻ പദ്ധതികളാണ് ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലും പദ്ധതികളുണ്ട്. ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ 100 ഷോറൂമുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ത്യയിലും വിവിധ രാജ്യങ്ങളിലായിട്ടായിരിക്കും ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ബോച്ചെ ഹോംസ് എന്ന പദ്ധതി വ്യത്യസ്തമായ ഒന്നാണ്. വീടില്ലാത്തവര്‍ക്ക് വാടക കൊടുത്ത് വീട് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി എന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ആളുകളുടെ സിബില്‍ സ്കോര്‍ പരിശോധിക്കാതെ തന്നെ ഈ വീടുകള്‍ നല്‍കും. പലരും ബാങ്ക് വായ്പ ലഭിക്കാതെ പ്രയാസപ്പെടുന്നത് സിബില്‍ സ്കോര്‍ കുറയുന്നത് കാരണമാണ്. എന്നാല്‍ അത്തരം തടസങ്ങള്‍ ഒഴിവാക്കിയാണ് ബോച്ചെ ഹോംസ് പ്രവര്‍ത്തിക്കുക.
ബോച്ചെ ഇന്‍ഷുറന്‍സ്, ബോച്ചെ ഹോംസ്, ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്നീ പദ്ധതികളില്‍ 60 ശതമാനം നിക്ഷേപം ബോബി ചെമ്മണ്ണൂരിന് തന്നെ ആയിരിക്കും. ബാക്കി നിക്ഷേപം താല്‍പ്പര്യമുള്ളവര്‍ക്ക് കൈമാറും. ബോബി ചെമ്മണ്ണൂര്‍ ട്രാവല്‍സ് വഴി നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അതേ തുകയുടെ സേവനങ്ങള്‍ നാട്ടില്‍ നല്‍കുമെന്നും അതോടെ ടിക്കറ്റ് സൗജന്യമായി മാറുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ബോച്ചെ ഇന്‍ഷുറന്‍സ് ഉദ്ഘാടനം ചെയ്തത്. ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുക എന്നതാണ് ബോച്ചേയുടെ പദ്ധതി. 33 രോഗങ്ങള്‍ക്ക് വരെ 1 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് ആണിത്. സാധാരണ രീതിയിൽ 500 രൂപയുടെ പ്രീമിയം വരുന്ന ഇന്‍ഷുറന്‍സ് ആണ് നമ്മൾ കേവലം ഒരു രൂപയ്ക്ക് നല്‍കുന്നത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഇത് തന്റെ 18ാമത്തെ ബിസിനസ് ആണെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഒരു ഇന്‍ഷുറന്‍സ് കമ്പനി എന്നത് കുറേ കാലമായുള്ള ആഗ്രഹമായിരുന്നു. എന്നാൽ അതിന്റെ ലൈസന്‍സ് കിട്ടാന്‍ കുറേ കാലം കാത്തിരിക്കേണ്ടതിനാല്‍ മറ്റൊരു വഴി സ്വീകരിച്ചു. അഹല്യ ഇന്‍ഷുറന്‍സ് എന്ന കമ്പനിയെ ഏറ്റെടുക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. തന്റെ വലിയൊരു ആഗ്രഹമാണിതെന്നും, അത് സാധിച്ചു തന്നവര്‍ക്ക് നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ഇന്‍ഷൂറന്‍സ് മേഖലയിലെ എല്ലാ സേവനങ്ങളും ഇന്ത്യയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികളുമായുള്ള സഹകരണത്തോടെ ബോചെ ഇന്‍ഷൂറന്‍സില്‍ ലഭ്യമാണ്. ഏറ്റവും മികച്ച സ്കീമുകള്‍ ഏറ്റവും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യവും സമഗ്രവുമായ സേവനത്തിലൂടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍ഷൂറന്‍സ് ബ്രാന്‍ഡായി ബോചെ ഇന്ഷൂറന്സിനെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.