വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; പെരുമഴപ്പെയ്ത്തിൽ വലഞ്ഞ് ജനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിലും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പലയിടത്തും ജന ജീവിതം ദുഃസഹമായി. വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
കനത്ത മഴയെ തുടർന്നു കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എറണാകുളത്ത് വൈകീട്ടോടെയാണ് വ്യാപകമായി മഴ പെയ്തത്. കൊച്ചി നഗരത്തിലും പെരുമഴപ്പെയ്ത്തായിരുന്നു. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.