തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാരാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുമുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലേയും 6 കോർപറേഷനുകളിലെ 421 വാർഡുകളിലേയും അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പൊതു തെരഞ്ഞടുപ്പിനു വേണ്ടിയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.












