കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ” രണ്ടാം പതിപ്പ് ജനുവരിയിൽ
കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലാണ് നടക്കുക.
ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്ന് രണ്ടാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ആദ്യ പതിപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനസ്, ഫുഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നിങ്ങനെ ഏഴ് ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സമ്മിറ്റിൽ 400-ൽ അധികം വിദഗ്ധർ, മുപ്പതിലധികം കലാകാരന്മാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കുചേരും. 30-ൽ അധികം പാനൽ ചർച്ചകളും 50-ൽ അധികം വർക്ഷോപ്പുകളും മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
ആഗോള ചിന്തകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ,വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം
സാധാരണക്കാർക്കു കൂടി പങ്കാളിത്തം ഉറപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സാധാരണക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുകയും മികച്ച ആശയങ്ങൾ വിദഗ്ദ്ധർക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യും. ഇതിന്റെ ഭാഗമായി, പൊതുജനങ്ങളിൽ നിന്ന് ഭാവി കേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.
ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങൾ, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഡാൻസ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. ഇവ കൂടാതെ, ഓട്ടോ എക്സ്പോ,ഇ-സ്പോർട്സ് ഗെയിം വേഴ്സ്, ഹ്യൂമൻ ലൈബ്രറി,ഡ്രോൺഷോ എന്നിവ ഇത്തവണത്തെ മുഖ്യ ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോ, ഇ-സ്പോർട്സ് ഗെയിം വേഴ്സ് എന്നിവയ്ക്ക് കൊച്ചി സാക്ഷ്യം വഹിക്കും. രണ്ടാം എഡിഷന് മുന്നോടിയായി സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോർ ഫ്യൂച്ചർ എന്നീ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്.
ഹൈബ്രിഡ് ഇന്നൊവേഷൻ മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളേജുകളിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്ലസ് ടു വിദ്യാർത്ഥികൾക്കും ടീമുകളായി പങ്കെടുക്കാം. നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബർ 21, 22 തീയതികളിൽ ക്യാമ്പസിൽ ഐഡിയഫെസ്റ്റ് മത്സരം അരങ്ങേറും. ഇതിന് പുറമെ, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോർ ഫ്യൂച്ചറിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും 11, 12 വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തിൽ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും സംഘാടകർക്ക് സമർപ്പിക്കുകയുമാണ് വേണ്ടത്. 2026 ജനുവരി 10 ആണ് അവസാന തീയതി.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ദീർഘവീക്ഷണത്തോടെ രൂപം നൽകിയ ഫ്യൂച്ചർ കേരള മിഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതും രണ്ടാം ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരളം നേരിടുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നമായ കുളവാഴ നിർമാർജനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് ‘ഫ്യൂച്ചർ കേരള മിഷൻ’ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതികളെല്ലാം നിലവിൽ വിജയകരമായി മുന്നേറുകയാണ്.
ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ ഉച്ചകോടി, കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്ത വിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഗമം എന്ന നിലയിൽ ഉച്ചകോടി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത സമ്മിറ്റിൽ 317 പ്രഭാഷകരും 15-ലധികം ദേശീയ-അന്തർദേശീയ കലാകാരന്മാരും അണിനിരന്നു.
വിജ്ഞാനത്തിനും വിനോദത്തിനും തുല്യപ്രാധാന്യം നൽകിയ ഉച്ചകോടിയിൽ 115-ലധികം സെഷനുകൾ, 50-ലധികം മാസ്റ്റർക്ലാസുകൾ, വർക്ക്ഷോപ്പുകൾ എന്നിവ നടന്നു. കൂടാതെ, 50-ലധികം ടെക് മേധാവികൾ പങ്കെടുത്ത സിഇഒ ലോഞ്ചിയോൺ,
30-ലധികം സ്കൂൾ മേധാവികൾ പങ്കെടുത്ത പ്രിൻസിപ്പൽമാരുടെ സമ്മേളനം, 100-ലധികം ഡിജിറ്റൽ ക്രിയേറ്റർമാർ അണിനിരന്ന ഇൻഫ്ലുവൻസർ മീറ്റ്, ഡാൻസ് കൊച്ചി, ഗ്രാഫിറ്റി വാളുകൾ, മിക്സഡ് റിയാലിറ്റി ന്യൂസ് സ്പ്രെഡ് തുടങ്ങി 50-ലധികം പ്രത്യേക പരിപാടികളും അരങ്ങേറി. കേരളത്തിൽ ആദ്യമായി ടെസ്ല കാർ എത്തിയതും ആദ്യ പതിപ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. 1.5 കോടിയിലധികം ഓൺലൈൻ ഇംപ്രഷനുകളും 200-ലധികം ദേശീയ-ആഗോള മാധ്യമ വാർത്തകളും 125 മണിക്കൂറിലധികം വീഡിയോ ഉള്ളടക്കവും സൃഷ്ടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം നിർവഹിച്ച ഉച്ചകോടിയുടെ ഭാഗമായി ഏഴോളം ബാൻഡുകളുടെ പ്രകടനവും ക്യാമ്പസിൽ അരങ്ങേറി.
“സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മുതൽ എഐ, റോബോട്ടിക്സ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ വരെ ഇവിടെ ചർച്ചയാകും. ഇത് കേവലം ഒരു ഒത്തുചേരൽ അല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പുതിയ ആശയങ്ങൾ നൽകുന്ന ഒന്നായി ഈ ഉച്ചകോടി മാറും.” – ഹൈബി ഈഡൻ എം.പി പറഞ്ഞു.
യുവജനങ്ങളും, വലിയ ആശയങ്ങളും, യഥാർത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഒരിടമെന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ഒരു ഇവന്റ് എന്നതിലുപരി, പ്രയോജനകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരിടമാണിത്. ഇതിലൂടെ വിവിധ മേഖലകളെ കോർത്തിണക്കി സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മിറ്റ് ട്രാക്കുകളും വിജ്ഞാനാധിഷ്ഠിത എന്റർടെയ്മെന്റുകളും രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഉച്ചകോടി തുടക്കമിട്ട ‘ഫ്യൂച്ചർ കേരള മിഷൻ’ ഇന്ന് സംസ്ഥാനത്ത് സംരംഭകത്വം, യുവജന പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണുരാജാമണി പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത നൽകാനും കേരളത്തിന്റെ പുരോഗതിക്കായി ആഗോള വൈദഗ്ധ്യത്തെ ഒരുമിച്ച് കൊണ്ടുവരാനും രണ്ടാം സമ്മിറ്റ് ഓഫ് ഫ്യൂച്ചർ പ്രേരകശക്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.













