ഇന്ത്യയെ കൊത്താൻ അവസരം കാത്തിരിക്കുന്ന വിഷസർപ്പമാണ് ബംഗ്ലാദേശ്; പാകിസ്ഥാനുമായി ചേർന്ന് പ്രത്യേക സെൽ രൂപീകരിക്കുന്നു
അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും സംഘർഷം നില നിൽക്കുന്ന അവസരത്തിലും ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പാകിസ്താന്. വാണിജ്യബന്ധത്തിന് പുറമെ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ധാക്കയിലെ പാകിസ്താന് ഹൈക്കമ്മീഷന് കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.
പാകിസ്താന് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന് ചെയര്മാന് ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും, നിലവിലെ ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായും ഷംസാദ് മിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടംഗ പ്രതിനിധി സംഘമാണ് മിര്‍സക്കൊപ്പം ബംഗ്ലാദേശിലെത്തിയത്.
ഈ സംഘത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട്. ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും, ഡയറക്ടര്‍ ജനറല്‍ ഫോഴ്സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ തീരുമാനമെടുത്തു എന്നാണ് അറിയാൻ കഴിയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെയും വ്യോമമേഖലയെയും നിരീക്ഷിക്കാനുള്ള പാകിസ്താന്റെ തന്ത്രപ്രധാനമായ ഒരു നീക്കമാണ് ഇതെന്നും വിലയിരുത്തുന്നുണ്ട്.
ഈ ചര്‍ച്ചകളുടെ ഭാഗമായാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷന് കാര്യാലയത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അംഗീകാരം പാകിസ്താന് നേടിയെടുത്തത്. ആദ്യഘട്ടമായി ഐഎസ്ഐയിലെ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, പാക് നാവികസേനയിലെയും വ്യോമസേനയിലെയും ഓരോ ഉദ്യോഗസ്ഥര്‍, ഇവരുടെ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെയാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിക്കുക.
ഇതിന് പകരമായി ബംഗ്ലാദേശ് സൈന്യത്തിന് സാങ്കേതിക സഹായം, പരിശീലനം, ആയുധങ്ങള്‍ എന്നിവ പാകിസ്ഥാൻ നല്‍കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക- വ്യോമ അഭ്യാസങ്ങളും സംഘടിപ്പിക്കും. പാകിസ്താനില്‍നിന്ന് ജെഎഫ്-17 തണ്ടര്‍ എന്ന യുദ്ധവിമാനങ്ങളും ഫത്താ റോക്കറ്റുകളും ബംഗ്ലദേശ് വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രം ഒപ്പിടാനായി ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥരുടെ സംഘം ഉടന്‍ തന്നെ പാകിസ്താന് സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോൾ പ്രതിരോധ സഹകരണം ശക്തമാകുന്നത്.
ഐഎസ്ഐ പാകിസ്താനിലെ ഔദ്യോഗിക ചാര സംഘടയാണെങ്കിലും, പാകിസ്ഥാൻ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെയും, പാകിസ്ഥാൻ ആസ്ഥാനമാക്കിയിട്ടുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. പാകിസ്ഥാനിലെ പട്ടാള അട്ടിമറികൾക്ക് പിന്നിൽ ഐഎസ്ഐയുടെ പങ്ക് വലുതാണ്. ഇപ്പോൾ സൈനിക മേധാവികൾ അടിക്കടി ബംഗ്ലാദേശ് സന്ദർശിക്കുന്നതും പ്രധാനമന്ത്രി യൂനുസുമായി ചർച്ചകൾ നടത്തുന്നതുമെല്ലാം ബംഗ്ലാദേശിൽ പാകിസ്ഥാൻ പിടിമുറുക്കി എന്നതിൻറെ തെളിവാണ്.













