ക്രിസ്ത്യാനികൾക്ക് എതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ആക്രമണം ഇനി പൊറുക്കില്ല; ലോക ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കാൻ ഡൊണാൾഡ് ട്രംപ് ഇറങ്ങുന്നു
ലോകത്തിലെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചു എന്ന പ്രസ്താവനക്ക് ശേഷം പുതിയൊരു പരിപാടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് പറയുകയാണ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയത്.
മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.
‘നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാൽ ഞാൻ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കുന്നു.
എന്നാൽ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്. നൈജീരിയയിൽ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ, എന്തെങ്കിലും ചെയ്തേ മതിയാകൂ!’എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
‘ചെയർമാൻ ടോം കോളിനും ഹൗസ് അപ്രോ പ്രിയേഷൻസ് കമ്മിറ്റിക്കും ഒപ്പം കോൺഗ്രസുകാരനായ റൈലി മൂറിനോടും ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ഞാൻ ആവശ്യപ്പെടുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കി നിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ‘ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!’ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യുഎസ് കോൺഗ്രസിൽ മൊഴി നൽകി ദിവസങ്ങൾക്കുള്ളിൽ നൈജീരിയൻ ബിഷപ്പിന്റെ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ പ്രസിഡന്റ് ഇലക്ഷൻ നടക്കുന്ന സമയത്തും താൻ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് എത്തിയത്. നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ എന്നാണ് ട്രംപ് പല വേദികളിലും പറഞ്ഞത്. ബൈബിൾ ഉയർത്തിപ്പിടിച്ച് നടത്തിയ വിശ്വാസ പ്രഘോഷണം, ട്രംപിന്റെ വിജയത്തെ സഹായിച്ചു എന്ന് തന്നെ പറയണം. തിരഞ്ഞെടുപ്പിൽ ട്രംപ് നേടിയ ഏകദേശം 75 ദശലക്ഷം വോട്ടുകളിൽ, അതിൽ മുക്കാൽ ഭാഗവും –78% വോട്ടുകളും ലഭിച്ചത് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ തനിക്ക് നേരെ നടന്ന വധശ്രമത്തിൽ നിന്നും, തന്റെ ജീവൻ രക്ഷപ്പെടുത്തിയത് ദൈവമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. തല പെട്ടെന്ന് താഴ്ത്താൻ തന്നെ പ്രേരിപ്പിച്ചത് ദൈവമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
അമേരിക്കയിലുള്ള ക്രിസ്ത്യാനികളുടെ എണ്ണവും കാലക്രമേണ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. നേരത്തെ 90 ശതമാനം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നത് ഇപ്പോൾ 71 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതിനർത്ഥം മറ്റുള്ള മതങ്ങൾ വളരുന്നു എന്നതല്ല. മതം ഇല്ലാത്ത ഒരു വിഭാഗം അവിടെ വളർന്നു കൊണ്ടിരിക്കുകയാണ്.
‘ഭൂമിയിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്തുമതം’ ആണെന്നും, ക്രൈസ്തവരെ പീഡിപ്പിക്കുന്നത് നിർത്താനും പ്രസിഡന്റ് ട്രംപ് ഈ സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭയിൽ അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.
നേരത്തെ ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. അന്ന് ട്രംപ് ഏറെ ക്ഷുഭിതനായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈനിക മേധാവികളും ഒക്കെ അന്ന് ട്രമ്പിനോട് മാപ്പ് പറഞ്ഞിരുന്നു. അബദ്ധത്തിൽ നടത്തിയ ആക്രമണം ആണെന്നാണ് അവർ ട്രംപിനെ ബോധിപ്പിച്ചത്.
ഇപ്പോൾ ലോകത്തിലെ എല്ലാ പ്രശ്നനങ്ങളിൽ നിന്നും, ക്രിസ്ത്യൻ ജനതയെ സംരക്ഷിക്കാൻ വേറെ ആരും ഇല്ലെങ്കിൽ കൂടി, താനും അമേരിക്കയും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ് ഡൊണാൾഡ് ട്രംപ്.













