ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന ഭീഷണിയുമായി ട്രംപ്; എല്ലാ ആണവകേന്ദ്രങ്ങളും പുതുക്കി പണിയുമെന്ന് ഇറാൻ പ്രസിഡന്റിൻറെ മറുപടി
അന്താരാഷ്ട്ര മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇറാൻ വീണ്ടും ആണവ പദ്ധതി സജീവമാക്കുന്നു എന്നാണ് അറിയുന്നത്. രാജ്യത്തെ ആണവ പദ്ധതി വീണ്ടും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പ്രസിഡന്റ് മസൂദ് പെസെ ഷ്കിയാൻ ആണ് പ്രഖ്യാപിച്ചത്.
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളിൽ തകർന്ന ആണവ കേന്ദ്രങ്ങൾ പുനർ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപത്തേക്കാൾ ശക്തമായ രീതിയിൽ ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ട് പോകുമെന്നാണ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെഹ്റാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ ആസ്ഥാനത്താണ് പെസെഷ്കിയാൻ ഈ പ്രഖ്യാപനം നടത്തിയത്. ആണവ മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന. “ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് ഒരിക്കലും ഇറാനെ പിന്നോട്ടടിക്കില്ല. അതിനേക്കാൾ ശക്തമായ സൗകര്യങ്ങളാണ് ഇനി പുനർനിർമിക്കുക,” എന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു.
ഈ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ യഥാർത്ഥ നാശനഷ്ടങ്ങളുടെ വ്യക്തമായ വിവരം ഇതുവരെ ആരും പുറത്തുവിട്ടിട്ടില്ല. കൂടാതെ ആണവ കേന്ദ്രങ്ങൾ ഇനിയും പ്രവർത്തിപ്പിക്കാൻ ഇറാന് ശ്രമിച്ചാൽ, അമേരിക്കയുടെ അതിശക്തമായ ആക്രമണം വീണ്ടും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കെട്ടിടങ്ങൾ നശിപ്പിച്ചെന്ന് കരുതി ഞങ്ങൾ പിന്നോട്ട് പോകില്ലെന്ന് തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും പെസഷ്കിയാന് പറയുന്നുണ്ട്. ഇറാനിയൻ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ആവശ്യമായ ആണവ പരിജ്ഞാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നാൽ അവ വീണ്ടും നിർമിക്കുമെന്ന് മസൂദ് പെസെഷ്കിയാൻ ഫെബ്രുവരിയിലും പ്രതികരിച്ചിരുന്നു. അതിന് ശേഷം ജൂൺ മാസത്തിൽ 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞർ അടക്കം കൊല്ലപ്പെട്ടിരുന്നു. അതിന് പകരമായി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ഇറാൻ തിരിച്ചടിച്ചിരുന്നത്.
1979ന് ശേഷം ഈ കഴിഞ്ഞ ജൂണിലാണ് അമേരിക്ക ഇറാന് മേല്‍ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ദോ, നഥാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ ആണവനിലയങ്ങളാണ് ബി 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച് ആക്രമിച്ചത്.
ഇതില്‍ ഫോര്‍ദോയിലെ ആണവകേന്ദ്രം പൂര്‍ണമായും തകര്‍ത്തതായാണ് അമേരിക്ക അവകാശപെട്ടത്. എന്നാൽ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് ഇറാന്റെ വാദം.
കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നെന്നും അതിനാല്‍ കേന്ദ്രങ്ങള്‍ ഒഴിച്ചിട്ടിരുന്നു എന്നുമാണ് ഇറാൻ പറഞ്ഞത്. 40 വര്‍ഷമായി ഇറാന് അമേരിക്കയ്ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും നിരവധി നിരപരാധികളെയാണ് ഇറാന് കൊന്നൊടുക്കിയതെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു.
ജൂണിലെ അമേരിക്കയുടെ ആക്രമണത്തെ ഐക്യ രാഷ്ട്ര സഭ അടക്കം അപലപിച്ചിരുന്നു.
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ അപകടകരമാണെന്നും നിലവിലെ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുടേത് ധീരമായ ഇടപെടൽ ആണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.













