പുഷ്കർ മേളക്കെത്തിയ 23 കോടി വിലയുള്ള പോത്ത് ചത്തു; മനുഷ്യൻറെ അത്യാഗ്രഹം പോത്തിനെ കൊന്നെന്ന് ആരോപണം
ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളകളിലൊന്നാണ് രാജസ്ഥാനിലെ പുഷ്കർ അന്താരാഷ്ട്ര കന്നുകാലി മേള. വളരെ വില കൂടിയ പോത്തുകളും കുതിരകളും ഒക്കെ വരുന്ന മേളയാണ് ഇത്.
ഇത്തവണ എത്തിയതിൽ 21 കോടി രൂപ വിലമതിക്കുന്ന മുറ ഇനം പോത്തും, 15 കോടി രൂപ വിലമതിക്കുന്ന മർവാരി ഇനം കുതിരയുമാണ് ഏറെ ശ്രദ്ധ നേടിയത്.
ഹരിയാനയിൽ നിന്നുള്ള ‘അൻമോൽ’ എന്ന പോത്തിനെ കാണാനാണ് സന്ദർശകരുടെ പ്രധാന തിരക്ക്. മേളയിൽ എത്തിയെങ്കിലും 1500 കിലോയിലധികം ഭാരമുള്ള അൻമോലിന്റെ ഉടമയ്ക്ക് പോത്തിനെ വിൽക്കാൻ ഒട്ടും താൽപ്പര്യമില്ല. അൻമോലിന്റെ ദിനചര്യാ ചെലവ് പ്രതിദിനം 1500 രൂപയോളം വരും. പാലും, നെയ്യും, ഉണങ്ങിയ പഴങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക ഭക്ഷണമാണ് ഈ പോത്തിന് നൽകുന്നത്.
ഉയർന്ന ഗുണമേന്മയുള്ള ബീജത്തിനുവേണ്ടി രാജ്യമെമ്പാടും ആവശ്യക്കാരുണ്ട് എന്നതാണ് ഉടമയ്ക്ക് ഇതിനെ വിൽക്കാൻ താൽപര്യമില്ലാത്തത്. മർവാരി ഇനത്തിൽപ്പെട്ട ‘ഷഹബാസ്’ എന്ന കുതിരയാണ് മറ്റൊരു താരം. 15 കോടി രൂപ വിലയിട്ടിട്ടുള്ള ഈ കുതിര ചാമ്പ്യൻമാരുടെ പിൻതലമുറക്കാരനാണ്. ഷഹബാസിന്റെ ബീജോത്പാദനത്തിന് മാത്രം രണ്ട് ലക്ഷം രൂപയോളം ചെലവ് വരും.
ഒക്ടോബർ 23 മുതൽ നവംബർ 7 വരെയാണ് പുഷ്കർ മേള. ഇത്തവണ 3000-ത്തിലധികം കന്നുകാലികളെയാണ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്.
എന്നാലിപ്പോൾ 21 കോടിയുടെ പോത്ത് ചത്ത് പോയെന്നാണ് അറിയുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ, ഈ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്നാണ് മേള കാണാൻ എത്തിയവർ പറഞ്ഞത്. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
പുഷ്കർ മൃഗമേളയിലെ സൂപ്പർ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന ആരോപണങ്ങളും ഉണ്ട്. കൂടുതലായി നൽകിയ ആന്റിബയോട്ടിക്കുകളും വളർച്ചാ ഹോർമോണുകളും പോത്തിന്റെ മരണത്തിന് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയതാകാം എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
നാല് വർഷങ്ങൾക്ക് മുന്നേ ഇതേപോലെ തന്നെയാണ് ഹരിയാനയിലെ സുൽത്താൻ എന്ന ആജാനബാഹുവായ പോത്ത് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് ചത്തത്. അത് 2021 ൽ ആയിരുന്നു. സുല്‍ത്താന്‍ ജോട്ടെ എന്നായിരുന്നു ഇതിന്റെ മുഴുവന്‍ പേര്.
ഹരിയാനയിലെ ബുരാഖേര ഗ്രാമവാസിയായ നരേഷ് ബെനിവാലെയാണ് സുല്‍ത്താനെ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയത്. സുല്‍ത്താന്റെ വില 21 കോടി രൂപയായി ഉയര്‍ന്നിട്ടും രാജസ്ഥാനിലെ പുസ്കര്‍ കന്നുകാലി മേളയില്‍ സുല്‍ത്താനെ വില്ക്കാന് നരേഷ് തയ്യാറായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു കർഷകൻ അന്ന് സുൽത്താന്‍ 21 കോടി രൂപയെന്ന മോഹവില പറഞ്ഞിരുന്നു.
എത്ര കോടികള്‍ ലഭിച്ചാലും സുല്‍ത്താനെ വില്ക്കില്ലെന്നായിരുന്നു നരേഷ് അന്ന് പറഞ്ഞത്. സുല്‍ത്താന്‍ 6 അടി നീളവും ഒരു ടണ്‍ ഭാരവുമുണ്ടായിരുന്നു. അഞ്ചു പേരെയാണ് സുൽത്താന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി ശമ്പളം നൽകി ‘ഫുൾ ടൈം’ ജോലിക്ക് നിർത്തിയിരുന്നത്. ഇതിനു പുറമെ വാക്സിനുകൾ, മൃഗഡോക്ടറുടെ ഫീസ് തുടങ്ങിയ ചെലവുകൾക്കുവേണ്ടി മാത്രം വർഷം തോറും ചുരുങ്ങിയത് രണ്ടു ലക്ഷമെങ്കിലും ചെലവായിരുന്നു.
സുൽത്താനിൽ നിന്ന് ബീജം സ്വീകരിക്കുന്ന എരുമയുടെ അടുത്ത തലമുറ ദിവസവും 20 ലിറ്റർ പാലെങ്കിലും ചുരത്തിയിരുന്നു. അത് കൊണ്ടുതന്നെ സുൽത്താന്റെ ബീജത്തിന് ഹരിയാനയിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഭീമമായ ചെലവുകൾ കിഴിച്ചാലും, ഉടമ നരേഷിന് ചുരുങ്ങിയത് ഒരുകോടിയെങ്കിലും വാർഷികലാഭമാണ് സുൽത്താൻ നൽകിയിരുന്നത്.
സുല്‍ത്താന്‍ ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും 12 കിലോ വൈക്കോലുമാണ് ആഹാരമായി കഴിച്ചിരുന്നത്. ഇത് കൂടാതെ വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കഴിക്കുന്ന ശീലവും ഈ പോത്തിന് ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതത്തിന് ഇതാകാം കാരണമെന്നും മൃഗഡോക്ടർമാർ പറഞ്ഞിരുന്നു.













