ഇന്ത്യക്കാരെ അമേരിക്ക ഒഴിവാക്കുന്നു, സ്വീകരിക്കാൻ തയ്യാറായി റഷ്യ; പുടിൻ ഇന്ത്യ സന്ദർശിക്കുമ്പോൾ സുപ്രധാന കരാർ ഒപ്പിടും
വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ അമേരിക്ക ഇപ്പോൾ പുതിയ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. വിസയുടെ ഫീസ് വർധിപ്പിക്കൽ മുതൽ പല പ്രധാന തീരുമാനങ്ങളും ട്രംപ് എടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യന്‍ തൊഴിലാളികളെ സ്വാഗതം ചെയ്യാന്‍ തയ്യാറാകുകയാണ് റഷ്യ
ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കൂടുതല്‍ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. ഇതു സംബന്ധിച്ച തീരുമാനം അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
രാജ്യത്ത് ജനസംഖ്യ കുറയുന്ന സാഹചര്യത്തിലാണ് റഷ്യ മാൻ പവർ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ റഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലും ഉള്ളത് നിര്‍മ്മാണ മേഖലയിലും ടെക്സ്റ്റൈല്‍ മേഖലയിലും ആണ്. എന്നാല്‍ ഇലക്ട്രോണിക്സ്, മെഷീനറി തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവസരം ഒരുങ്ങുന്നത്.
അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയില്‍ വരുന്നുണ്ട്. ഈ അവസരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാര്‍ ഒപ്പുവച്ചേക്കും എന്നാണ് സൂചനകൾ.
ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാൽ, റഷ്യയില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുങ്ങും. വരും വര്‍ഷങ്ങളില്‍ റഷ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഈ കരാര്‍ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
അടുത്തിടെ ഇന്ത്യയിലെയും റഷ്യയിലെയും തൊഴില്‍ മന്ത്രിമാര്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അന്ന് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. റഷ്യയില്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ സമൂഹം ഭാവിയില്‍ ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രധാന അടിത്തറയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മോസ്കോയിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് അനുസരിച്ച് ഏകദേശം പതിനാലായിരം ഇന്ത്യക്കാര്‍ റഷ്യയില്‍ താമസിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ 1500 അഫ്ഗാന് പൗരന്മാരും ഇവിടെയുണ്ട്. ഇതുകൂടാതെ 500 ഇന്ത്യന്‍ ബിസിസുകാര്‍ റഷ്യയിലാണ് താമസിക്കുന്നത്.
തേയില, പുകയില, ഫാര്‍മസ്യൂട്ടിക്കല്‍സ്, പാദരക്ഷകള്‍, ഐടി സേവനങ്ങള്‍, ടെക്സ്റ്റൈല്‍സ് എന്നീ മേഖലകളിലായി ഏകദേശം 300 ഇന്ത്യന്‍ കമ്പനികള്‍ റഷ്യയിലുണ്ട്. ഈ വർഷത്തിന്റെ അവസാനത്തോടെ റഷ്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 70,000ത്തിലധികം ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും റഷ്യയില്‍ മികച്ച ജോലി സാധ്യതകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ റഷ്യയില്‍ നിന്ന് വളരെയധികം വജ്രങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെക്കുള്ള റഷ്യന്‍ വജ്ര ഇറക്കുമതി ഈ വര്‍ഷം ഓഗസ്റ്റില്‍ 31.3 മില്യന്‍ ഡോളർ ആയിരുന്നു. 4500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇതില്‍ 90 ശതമാനം പേരും മെഡിക്കല്‍ കോഴ്സുകളാണ് പഠിക്കുന്നത്. എന്‍ജിനീയറിങ്, എയറോ നോട്ടിക്കല്‍ ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, ധനകാര്യം എന്നീ വിഷയങ്ങള്‍ പഠിക്കുന്നവരും ഉണ്ട്.
അമേരിക്ക ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫണൽ ആളുകൾക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടി അടയ്ക്കുമ്പോഴാണ് റഷ്യ അവസരങ്ങള്‍ നീട്ടുന്നത്. റഷ്യയിലേക്ക് വിദഗ്ധ തൊഴിലാളികളെ അയയ്ക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
റഷ്യയുടെ വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ഇന്ത്യൻ തൊഴിലാളികൾക്ക് മികച്ച ആഗോള അവസരങ്ങൾ തുറന്നു കൊടുക്കുകയും, സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന ഈ നടപടി, വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല.













