ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന ഭീതിയിൽ പാകിസ്ഥാൻ; രാജ്യമെങ്ങും ഹൈ അലർട്ട്, പ്രധാനപ്പെട്ട വിമാനങ്ങൾ ഒളിപ്പിക്കുന്നു
ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിന് പിന്നാലെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജാഗ്രതാ നിർദേശങ്ങൾ ആണ് പാകിസതാണ് പ്രഖ്യാപിച്ചത്. വ്യോമ സേനാംഗങ്ങൾക്ക് പാകിസ്താൻ കനത്ത മുന്നറിയിപ്പ് നൽകിയതായാണ് കഴിഞ്ഞ ദിവസം സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. സൈനികരെല്ലാം സജ്ജരായിരിക്കാൻ നിർദേശം നൽകിയതായാണ് വിവരം.
ഇന്ത്യയിൽ നടന്ന ഈ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ, അതിർത്തി കടന്നുള്ള സംഘർഷമോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു തിരിച്ചടിയോ ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
പാകിസ്താനിലെ എല്ലാ വ്യോമതാവളങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാക് സൈന്യം, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള സായുധ സേനകൾ അതീവ ജാഗ്രതയിലാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തിനും സജ്ജരായിരിക്കണമെന്നും പാക് സെൻട്രൽ കമാൻഡ് വിവിധ സൈനിക മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഫോർവേർഡ് ബേസുകളിലെ ജെറ്റുകൾ ഉടനടി പറന്നുയരാൻ പാകത്തിൽ തയ്യാറാക്കി നിർത്തണമെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഡൽഹിയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള തിരിച്ചടി ഭയന്നാണ് പാക് ഒരുക്കങ്ങളെന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ആക്രമണങ്ങളിൽ നിന്ന് സൈനിക ജെറ്റുകളും മറ്റും സുരക്ഷിതമാക്കാനാവശ്യമായ പ്രത്യേക മുൻകരുതൽ നടപടിയും പാകിസ്താൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. വ്യോമഗതാഗത നിയന്ത്രണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിമാന നിയന്ത്രണ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യ-പാക് വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പാക് വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടാം പുറപ്പെടുവിച്ചത്.
ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആക്രമണത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ ‘വേഗത്തിലും സമഗ്രമായും’ അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിന് ശേഷം പാക്കിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ കോടതിസമുച്ചയത്തിനു പുറത്ത് ചൊവ്വാഴ്ച ഉണ്ടായ ചാവേർസ്ഫോടനത്തിൽ അഭിഭാഷകനുൾപ്പെടെ 12 പേർ മരിച്ചിരുന്നു.
നിർത്തിയിട്ടിരുന്ന പോലീസ് വണ്ടിക്കടുത്ത് ഉച്ചയ്ക്ക് 12.39-നാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വി പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യക്ക് നേരെ വിരൽ ചൂണ്ടിയെങ്കിലും, അഫ്ഗാനിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്താൻ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പാകിസ്താന്റെ അനിസ്ലാമിക നിയമപ്രകാരം ഉത്തരവുകളിറക്കുന്ന ജഡ്ജിമാർക്കും അഭിഭാഷകർക്കും ഉദ്യോഗസ്ഥർക്കും നേരേയാണ് ഈ ആക്രമണം നടത്തിയതെന്ന് ടിടിപി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷരാജ്യമായ പാകിസ്താനിൽ ഇസ്ലാമികനിയമം നടപ്പാക്കുംവരെ ആക്രമണങ്ങൾ തുടരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീകരത നിയന്ത്രിക്കാൻ അഫ്ഗാനിസ്താനും പാകിസ്താനും തമ്മിൽ മൂന്നുവട്ടം നടത്തിയ ചർച്ച ഫലംകാണാതെ അവസാനിച്ച് ഏതാനും ദിവസത്തിനുള്ളിലാണ് ഇസ്ലാമാബാദിലെ സ്ഫോടനം.
നേരത്തെ ഇന്ത്യ നടത്തിയ വിജയകരമായ സൈനിക ഓപറേഷനായ, ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും അതിർത്തിക്കപ്പുറത്തെ ശത്രു ഇന്ത്യക്കുള്ളിൽ നടത്തുന്ന ഏത് ആക്രമണത്തിനും തിരിച്ചടിയായി അത് തുടരുമെന്നുമാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.
ആദ്യത്തെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനിൽ കനത്ത നഷ്ടങ്ങളാണ് വിതച്ചത്. ഇപ്പോൾ പാകിസ്ഥാൻ സൈന്യത്തിന് ഹൈ അലർട്ട് നൽകുന്നതും ഇനിയൊരു ഓപ്പറേഷൻ സിന്ദൂർ ഉണ്ടാകുമോ എന്ന ഭീതിയിൽ തന്നെയാണ്.













