മരണത്തിലേക്ക് നീങ്ങുമ്പോളും കൂടെയുള്ള കുട്ടികളുടെ സുരക്ഷ നോക്കിയ രാജൻ; പ്രിയപ്പെട്ട ഡ്രൈവർ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ കുട്ടികളോടൊപ്പം വിങ്ങിപ്പൊട്ടി നാട്ടുകാരും
പലപ്പോളും അപകടങ്ങൾ ഉണ്ടാകുമ്പോൾ ഏറെ പഴി കേൾക്കുന്ന കൂട്ടരാണ് ആ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ. അപകടങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോളും ഇവർക്ക് നാട്ടുകാരുടെ കയ്യിൽ നിന്നും മർദ്ദനങ്ങൾ വരെ കിട്ടാറുണ്ട്.
എന്നാൽ ബാസ്സ് ഓടിച്ച് കൊണ്ടിരിക്കുമ്പോൾ, മരണത്തിന് കീഴടങ്ങേണ്ടി വന്നെങ്കിലും, ആ സമയത്തും താൻ ഓടിക്കുന്ന വാഹനത്തിലെ കുട്ടികളെ സുരക്ഷിതരാക്കാൻ ശ്രമിച്ച ഒരു വ്യക്തിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട രാജൻ എന്ന സ്കൂൾ ബസ് ഡ്രൈവർ.
രാവിലെ കുട്ടികളെയും കയറ്റി കൊണ്ട് സ്കൂളിലേക്ക് ബസ് ഓടിക്കുന്നതിനിടെ രാജൻ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. സ്കൂളിൽ എത്തുന്നതിന് തൊട്ടു മുന്നെയാണ് ഈ സംഭവം ഉണ്ടായത് പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവര്‍ ചക്കം കണ്ടം മാടാനി വീട്ടില്‍ രാജന് ആണ് മരിച്ചത്. അദ്ദേഹത്തിന് അന്‍പത്തിയഞ്ച് വയസ്സായിരുന്നു പ്രായം.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ വല്ലാത്ത അവശത തോന്നിയപ്പോഴേക്കും ഡ്രൈവര്‍ രാജൻ ആ വാഹനം അരികിലേക്കൊതുക്കി നിര്‍ത്തികൊണ്ട് കുട്ടികളെ സുരക്ഷിതരാക്കുകയായിരുന്നു.
തന്റെ നെഞ്ചില്‍ നിരന്തരമായി ഉഴിഞ്ഞ് കൊണ്ട് രാജൻ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികളും ആകെ അമ്പരപ്പിലായി. അപ്പോഴേക്കും ബസ് അരികില്‍ ഒതുക്കിനിര്‍ത്തിയ രാജന് കുഴഞ്ഞു വീഴുകയായിരുന്നു.
ഇതോടെ ബസ്സിൽ ഉണ്ടായിരുന്ന കുട്ടികള്‍ എല്ലാം കൂട്ടക്കരച്ചിലായി. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിവന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വെള്ളിയാഴ്ച രാവിലെ കാര്‍ഗില്‍ നഗറിലാണ് സംഭവം നടന്നത്.
രാവിലെ ഒമ്ബതരയോടെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ കാർഗില്‍ നഗറിന്റെ അടുത്തു വെച്ചാണ് രാജന് ഹൃദയാഘാതം സംഭവിച്ചത്. മരണ വേദന അനുഭവിക്കുമ്ബോഴും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രാജൻ ശ്രമിച്ചിരുന്നു എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. രാജനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിന് ശേഷം നാട്ടുകാർ ഈ കുട്ടികളെ സ്കൂളിൽ എത്തിക്കുകയായിരുന്നു.
തന്റെ ബസ്സിൽ വരുന്ന കുട്ടികൾക്ക് ഐസ്ക്രീം നല്‍കിയും മിഠായി നല്‍കിയും ഒക്കെ ചെയ്തിരുന്ന ആളാണ് രാജൻ. മക്കളില്ലാത്ത രാജൻ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെ തന്നെയാണ് ആ വിദ്യാർത്ഥികളെ നോക്കിയിരുന്നത്. കുട്ടികൾക്കും രാജനെ ഒരുപാട് സ്നേഹമായിരുന്നു.
പിന്നീട് രാജന്റെ മരണവിവരമറിഞ്ഞപ്പോള് കുട്ടികള്‍ ഒന്നടങ്കം കരച്ചിലായി. അവരുടെ പ്രിയപ്പെട്ട അങ്കിളായിരുന്നു ഡ്രൈവര്‍ രാജന്. ഹോസ്പിറ്റലിൽ നിന്നും രാജന്റെ മൃതദേഹം വീട്ടിൽ എത്തിച്ചശേഷം, സ്കൂളിലെ കുട്ടികൾ അവസാനമായി രാജനെ ഒരുനോക്ക് കാണുവാൻ ആ വീട്ടിലേക്കെത്തി. ആദരാഞ്ജലികൾ അർപ്പിക്കാൻ കയ്യിൽ പൂക്കളുമായാണ് കുട്ടികൾ എത്തിയത്.
തങ്ങൾക്ക് ചോക്ലേറ്റും മറ്റും വാങ്ങിത്തരുന്ന പ്രിയപ്പെട്ട ഡ്രൈവർ അങ്കിളിന് കുട്ടികൾ അന്ത്യചുംബനം നൽകുന്ന കാഴ്ച, കണ്ടു നിന്നവരെയും കരയിക്കുന്നതായി. പാലുവായ് മാടാനി വീട്ടില്‍ പരേതനായ കുഞ്ഞിമോന്റെയും തങ്കയുടെയും മകനാണ് രാജന്. രമണിയാണ് രാജന്റെ ഭാര്യ. രാധ എന്നൊരു സഹോദരിയുമുണ്ട്.
എല്ലാ ദിവസവും കുട്ടികളെ സ്കൂളില്വിട്ട ശേഷം ഓട്ടോറിക്ഷ ഡ്രൈവറായും രാജൻ ജോലി നോക്കിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളായി രാജൻ ഇതേ സ്കൂളിലെ വണ്ടിയാണ് ഓടിക്കുന്നത്. നാട്ടിലെ സുഹൃത്തുക്കൾക്ക് എല്ലാം രാജനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. സംസ്കാരം പിന്നീട് ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തില്‍ നടന്നു.
പലപ്പോളും സ്കൂൾ ബസ്സുകൾ അപകടമുണ്ടാക്കുന്നത് നമ്മൾ കണ്ടിരിക്കുന്നു. അമിതവേഗതയിൽ ചീറിപ്പായുന്ന സ്കൂൾ ബസ്സുകളും നമ്മുടെ നാട്ടിലുണ്ട്. പല ഡ്രൈവർമാരും കുട്ടികളോട് മോശമായി പെരുമാറുന്നുമുണ്ട്. ലൈംഗികമായി കുട്ടികളെ ഉപദ്രവിച്ച കേസുകളും നമ്മളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. അങ്ങനെ ഡ്രൈവറെ പേടിച്ച് സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടികൾ വരെ നമ്മുടെ നാട്ടിലുണ്ട് .
എന്നാൽ ഈ രാജൻ എന്ന സ്നേഹമുള്ള ഡ്രൈവർ തന്റെ അവസാന നിമിഷം വരെയും ബസ്സിലുള്ള കുട്ടികളെ സുരക്ഷിതരാക്കാൻ തന്നെയാണ് ശ്രമിച്ചത്. എല്ലാ സ്കൂൾ ബസിലെയും , സ്കൂൾ ബസ് എന്നല്ല, യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന എല്ലാ ബസ്സുകളിലെയും ഡ്രൈവർമാർ മാതൃകയാക്കേണ്ട ഒരാളാണ് രാജൻ.
റോഡിലൂടെ പോകുന്ന കാൽനട യാത്രക്കാർ, ഇരു ചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിങ്ങനെ മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ വണ്ടി ഓടിക്കുന്നവർ ഇതുപോലുള്ള സംഭവങ്ങൾ ഓർത്ത് വെക്കുന്നതും നല്ലതാണ്.













