പാലത്തായിയിൽ നാലാം ക്ളാസ്സുകാരിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണം വരെ തടവ് ശിക്ഷ
പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷയാണ് ഇന്ന് വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പത്മരാജൻ.
പാലത്തായി പീഡനക്കേസിൽ ഒട്ടേറെ കടമ്പകൾ മറികടന്നാണ് പ്രത്യേക അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘത്തിലെ അംഗമായ എസ്ഐ പി.സി രമേശൻ പറഞ്ഞു. കുട്ടിയുടെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനായത് കേസിൽ പ്രധാന വഴിത്തിരിവായെന്നും അദ്ദേഹം അറിയിച്ചു.
ഈ കേസ് പരിഗണിക്കുമ്പോൾ പ്രതിഭാഗത്തിന്റെ വാദങ്ങൾ എല്ലാം കോടതി പൊളിച്ച് അടുക്കിയിരുന്നു. ഈ കേസ് ആരും കെട്ടിച്ചമച്ചതല്ലെന്നും, പ്രതിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും തലശേരി ജില്ലാ പോക്സോ കോടതി ജഡ്ജി എ.ടി ജലജാറാണി പറഞ്ഞു.
കേസ് കെട്ടിചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം വക്കീൽ പറഞ്ഞിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞ്, കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിചിരുന്നു.
കൂടാതെ പത്മരാജന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ മതതീവ്രവാദ സംഘടനകളാണ് അതിന് ഉത്തരവാദികളെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് പോക്സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് ഇവിടെ പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു.
രക്ഷിതാവിന്റെ സ്ഥാനമുള്ള, അതെ ഉത്തരവാദിത്തമുള്ള ഒരു അധ്യാപകൻ നടത്തിയ ക്രൂരതയിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി ഇന്നലെ കണ്ടെത്തിയത്.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യം ഉയർത്തി കാണിച്ച് കൊണ്ട് ഈ കേസ് ദുർബലമാക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായി മാറിയത്.
ഇന്ന് തലശ്ശേരി പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജി എം.ടി. ജലജാറാണിയുടെ ചോദ്യത്തിന് മറുപടിയായി പത്മരാജൻ പറഞ്ഞത് താൻ കുറ്റക്കാരനല്ലെന്നാണ്.
കൂടാതെ തന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി എസ്.ഡി.പി.ഐ ക്കാണെന്നും തന്നെ പോലുള്ള നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർഥിക്കുന്നുവെന്നും പത്മരാജൻ കോടതിയിൽ പറഞ്ഞിരുന്നു .
പത്മരാജന് പറഞ്ഞ ഈ കാര്യങ്ങൾ രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം വക്കീൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതെല്ലാം വാദം കേൾക്കുന്ന ഘട്ടത്തിൽ പറഞ്ഞതാണെന്നും, അതൊക്കെ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.
2020 ജനുവരിയിൽ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജൻ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് മുമ്പാകെയാണ് തുടങ്ങിയത്. പിന്നീട് ജഡ്ജി ടിറ്റി ജോർജ് മാറിയപ്പോൾ ജഡ്ജി ബി. ശ്രീജയുടെ മുമ്പാകെ വിചാരണ തുടങ്ങി. വിദ്യാർഥി ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു. വാദം പൂർത്തിയായി വിധി പറയാനിരിക്കെ വീണ്ടും ജഡ്ജി മാറി. പിന്നീട് ജഡ്ജി ജലജാറാണിയുടെ മുമ്പാകെ വീണ്ടും വാദം നടത്തിയാണ് ഇപ്പോൾ വിധിയിലേക്ക് എത്തിയിരിക്കുന്നത്.












