ശബരിമല ഭക്തർ കാണുന്ന വെള്ളത്തിലും കുളത്തിലുമൊക്കെ കുളിക്കരുത്; അമീബിക് ജ്വരം ബാധിച്ചാൽ ദൈവത്തിന് പോലും സഹായിക്കാൻ കഴിയില്ല
അപൂർവ്വവും എന്നാൽ അത്യന്തം മാരകവുമായ ‘തലച്ചോറിലെ അണുബാധ അഥവാ AME എന്ന അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ ശബരിമല ക്ഷേത്രത്തിലേക്ക് പോകുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് കർണാടക സർക്കാർ അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കർണ്ണാടകയിൽ നിന്ന് വരുന്നവർ മാത്രമല്ല എല്ലാ തീർത്ഥാടകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം.
വിഷാംശമുള്ളതും സ്വതന്ത്രമായി ജീവിക്കുന്നതുമായ അമീബയായ നെയ്ഗ്ലേരിയ ഫൗളേരി ഉയർത്തുന്ന ഗുരുതരമായ അപകടസാധ്യതയാണ് ആരോഗ്യ വകുപ്പ് എടുത്തു കാണിക്കുന്നത്. ഈ സൂക്ഷ്മാണുക്കൾ പ്രധാനമായും കെട്ടിക്കിടക്കുന്ന കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് കാണുന്നത്. ചെറിയ ചൂടുള്ള ശുദ്ധജല സ്രോതസ്സുകളിലാണ് ഈ അമീബ വളരുന്നത്. ഇതിനെതിരെ കർശനമായ മുൻകരുതലുകൾ എടുക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
നെയ്ഗ്ലേരിയ ഫൗളേരി എന്ന അമീബയാണ് ഈ മാരകമായ അണുബാധയ്ക്ക് കാരണമാകുന്നത്. ഇതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഈ അമീബ മൂക്കിലൂടെ മാത്രമേ മനുഷ്യശരീരത്തിൽ പ്രവേശിക്കൂ. മലിനമായ വെള്ളം കുടിക്കുന്നതിലൂടെ ഇത് ശരീരത്തിൽ ബാധിക്കപ്പെടില്ല. ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച ശേഷം തലച്ചോറിലേക്ക് സഞ്ചരിക്കുകയും, അവിടെ കടുത്ത വീക്കം ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നു.
കെട്ടിക്കിടക്കുന്ന കുളങ്ങൾ, തടാകങ്ങൾ, കൂടാതെ മണ്ണിലും ഇവ കാണപ്പെടുന്നുണ്ട്. ഈ അമീബ മൂലമുണ്ടാകുന്ന അണുബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതല്ല എന്നത് ഏറെ ആശ്വാസകരമായ ഒരു വസ്തുതയാണ്.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി കുളിക്കുമ്പോഴോ പുഴയിലും മറ്റും ഇറങ്ങിയുള്ള പൂജ കർമ്മങ്ങൾ ചെയ്യുമ്പോളോ ഈ അമീബയുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടാണ് സർക്കാർ കർശന മുൻകരുതലുകൾ നിർബന്ധമാക്കിയത്. ജലാശയങ്ങളിൽ മുങ്ങുമ്പോഴെല്ലാം മൂക്കിൽ പ്രത്യേക തരാം ക്ലിപ്പുകൾ ഉപയോഗിക്കാനോ, അല്ലെങ്കിൽ മൂക്ക് മുറുകെ അടച്ച് പിടിക്കാനോ ആണ് സർക്കാർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി നിർദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അമീബയുടെ പ്രവേശനം ഒരു പരിധി വരെ തടയാൻ സഹായിക്കും.
സമയബന്ധിതമായ വൈദ്യ പരിശോധനയുടെ പ്രാധാന്യം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ശക്തമായി എടുത്ത് പറയുന്നുണ്ട്. വെള്ളത്തിൽ സമ്പർക്കമുണ്ടായി ഏഴ് ദിവസത്തിനുള്ളിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.
പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങൾ പനി, കടുത്ത തലവേദന, ഛർദ്ദി, കഴുത്ത് വേദന, മാനസികാവസ്ഥയിലോ അല്ലെങ്കിൽ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവയാണ്. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അവഗണിക്കരുതെന്നും, ചികിത്സയ്ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നുമാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴിയിൽ ഇത്തരം ജല ശ്രോതസ്സുകൾ കുറവാണ്. എന്നാൽ ഒട്ടേറെ തീർത്ഥാടകർ എരുമേലിയിൽ നിന്നും സന്നിധാനത്തേക്ക് നടന്നു പോകുന്നവരാണ്. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ പലപ്പോളും വെള്ളം ലഭിക്കുന്ന പ്രദേശത്താണ് തങ്ങുന്നത്. പുഴയിലൂടെ ഒഴുകുന്ന വെല്ലാൻ കൂടാതെ പലപ്പോളും കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളവും അവിടെ കാണാറുണ്ട്. അതിലൂടെ സമ്പർക്കം ഉണ്ടാകാതെ നോക്കുക.
ഇത് മൂക്കിലൂടെ പോയാലാണ് അമീബിക് ജ്വരം ഉണ്ടാകുന്നത്. എന്നാൽ കെട്ടിക്കിടക്കുന്നതോ ഒഴുകി വരുന്നതോ ആയ വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത് മറ്റുള്ള നിരവധി രോഗങ്ങൾക്ക് കാരണമായി മാറും.
പുഴകളിലോ തോടുകളിലോ മാത്രമല്ല രോഗസാധ്യത ഒളിഞ്ഞിരിക്കുന്നത്. ഒരുപാട് ആളുകൾ കുളിക്കുന്ന കെട്ടിനിൽക്കുന്ന കുളങ്ങളിലും അണുബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ശുചീകരണ സംവിധാനങ്ങൾ ഇല്ലാത്ത, വെള്ളത്തിന്റെ റീസൈക്ലിങ് ഇല്ലാത്ത കുളങ്ങളിൽ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കുക.
ശബരിമലയിൽ ഈ വര്ഷം അഭൂതപൂർവ്വമായ ഭക്ത ജന തിരക്കാണ് അനുഭവപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും കിട്ടാതെ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം ദുരിതത്തിലായത്. തിരക്ക് വല്ലാതെ ഏറുന്ന അവസരങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിട്ടാലും, പുഴകളിലെയോ മറ്റ് ജലാശയങ്ങളിലെയോ വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കുക.
നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന അസുഖങ്ങൾ മാറ്റാൻ ഡോക്ടറെ തന്നെ കാണേണ്ടി വരും. ദൈവത്തെ കാണാൻ പോകുന്നത് കൊണ്ട്, ഒരു അസുഖവും വരാതെ ദൈവം കാത്തുകൊള്ളും എന്ന ചിന്തയും തെറ്റാണ്. ശബരിമലയിലും, മറ്റുള്ള മതങ്ങളുടെ തീർത്ഥാടന കേന്ദ്രങ്ങളിലും ഒക്കെ പോകുന്ന നൂറു കണക്കിന് സാധാരണ മനുഷ്യർ അപകടങ്ങളിൽ പെട്ട മരിക്കുന്ന വാർത്തകളും നമ്മൾ നിത്യേന കാണുന്നതാണ്. അതുകൊണ്ട് എടുക്കാൻ പറ്റുന്ന മുൻകരുതൽ എല്ലാം നിങ്ങൾ തന്നെ എടുക്കുക.












