ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു
ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു.എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുളളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുരാരി ബാബു മുതൽ എൻ വാസു വരെയുളള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിൽ പറയുന്നതെന്നും സൂചനയുണ്ട്.
സ്വർണക്കൊളള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എ പത്മകുമാറിന് നേരത്തെ രണ്ടുതവണ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെ വീണ്ടും നോട്ടീസയക്കുകയായിരുന്നു. എൻ വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് അധ്യക്ഷൻ. ഉണ്ണിക്കൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഒഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഒഫീസർ ഡി സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് സ്വർണക്കൊളള കേസിൽ ഇതുവരെ അറസ്റ്റിലായവർ. ചോദ്യംചെയ്യൽ ആരംഭിച്ചതോടെ ഇനി അന്വേഷണം പത്മകുമാറിനെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് വിവരം.












