എറണാകുളത്തും മൂന്നിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല
എറണാകുളം ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിലേക്കും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനിലേക്കും കോൺഗ്രസ് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി. ഇവിടെ മൂന്നിടത്തും യുഡിഎഫിന് ഡമ്മി സ്ഥാനാർഥികളില്ലാത്തത് ഇരട്ട പ്രഹരമായി.
ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ അഡ്വ. എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർഥിയെ പിന്തുണച്ചയാൾ ഡിവിഷനിലെ വോട്ടറല്ലാത്തതാണ് കാരണം. നിലവിൽ വല്ലാർപാടം ഡിവിഷൻ അംഗമാണ് എൽസി.
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ ചാത്തനാട് ബ്ലോക്ക് ഡിവിഷനും ഉൾപ്പെട്ടതാണ് പുതിയ ഡിവിഷനായ കടമക്കുടി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റാണ് എൽഡിഎഫ് സ്ഥാനാർഥി.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാംഡിവിഷനായ മനയ്ക്കപ്പടിയിൽ ഷെറീന ഷാജിയുടെയും 11-–ാം ഡിവിഷനായ വരാപ്പുഴയിൽ ജോൺസൺ പുനത്തിലിന്റെയും പത്രികകളാണ് തള്ളിയത്. ഖാദി ബോർഡിലെ ജീവനക്കാരിയാണ് എന്നതാണ് സെറീന ഷാജിക്ക് അയോഗ്യതയായത്. അഡ്വ. നമിത ജോസാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.
വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജോൺസൺ പുനത്തിലിന് ചെക്ക് കേസ് മറച്ചുവച്ചത് വിനയായി. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച വിവരം പത്രികയിൽ രേഖപ്പെടുത്തിയിരുന്നില്ല. മിഥുൻ ജോസഫാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.












