നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” റിലീസ് 2026 ഫെബ്രുവരി 13 ന്
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി 13 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ചാണ് ചിത്രം ആഗോള റിലീസായി എത്തുക. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”.
മലയാളി താരം സംയുക്ത മേനോനും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ ഒരു യോദ്ധാവായി നിഖിലിനെ അവതരിപ്പിക്കുന്ന, ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്ത് വന്ന, നിഖിൽ – സംയുക്ത ടീമിനെ യോദ്ധാക്കളാക്കി അവതരിപ്പിച്ച ചിത്രത്തിൻ്റെ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ വൈകാതെ പുറത്ത് വരും എന്നാണ് സൂചന. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- sഎം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.













