നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ആരംഭിച്ചു
തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ആരംഭിച്ചു. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. “പെദ്ധി” എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എൻബികെ111’.

ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങിൽ വെച്ച് ആന്ധ്രാപ്രദേശ് മന്ത്രിമാരായ അനഗാനി സത്യ പ്രസാദ്, ഗോട്ടിപതി രവി കുമാർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ നിർമ്മാതാക്കൾക്ക് ഔപചാരികമായി കൈമാറി. ബാലകൃഷ്ണയ്ക്കൊപ്പം നിരവധി ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ ബി ഗോപാൽ ക്ലാപ്പ്ബോർഡ് നൽകിയപ്പോൾ, എൻബികെയുടെ മകൾ തേജസ്വിനി ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചിത്രത്തിൻ്റെ ആദ്യ ഷോട്ട് ബോയപതി ശ്രീനു, ബോബി, ബുച്ചി ബാബു എന്നിവർ ചേർന്ന് ആണ് സംവിധാനം ചെയ്തത്. തെലുങ്കിലെ വമ്പൻ സംവിധായകർ, നിർമ്മാതാക്കൾ, മറ്റ് നിരവധി വിശിഷ്ടാതിഥികൾ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിലെ നായികയായി എത്തുന്നത് നയൻതാരയാണ്. സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്ണ – നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. നിറഞ്ഞ താടിയും, നീട്ടി വളർത്തിയ മുടിയുമായി ഗംഭീര ലുക്കിൽ ഒരു രാജാവായി ആണ് ബാലകൃഷ്ണയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആജ്ഞ ശക്തിയുള്ള ഉറച്ച ചുവടുമായി കയ്യിൽ വാൾ, നങ്കൂരം എന്നിവയും ഏന്തി നിൽക്കുന്ന ബാലകൃഷ്ണയുടെ സ്പെഷ്യൽ പോസ്റ്റർ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പീരിയഡ് പശ്ചാത്തലത്തിൽ ഒരുക്കുന്ന, ഈ ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയത്തിൻ്റെ ഭാഗമായ, ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.
രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി












