സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് (Isolated heavy rains) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളില്‍ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാന്‍ പാടില്ല. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളില്‍ എത്തേണ്ടതാണെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlights: Isolated heavy rains forecasted in Kerala; Yellow alert in 4 districts