ഇ20 പെട്രോൾ; മൈലേജിനെക്കുറിച്ചും വാഹനത്തിന്റെ മോശം പെർഫോമൻസിനെക്കുറിച്ചും പരാതികൾ
2025 ഏപ്രിലിൽ ഇന്ത്യയിലുടനീളം ഇ20 പെട്രോൾ നിർബന്ധമാക്കിയതിനുശേഷം, മൈലേജിനെക്കുറിച്ചും വാഹനത്തിന്റെ മോശം പെർഫോമൻസിനെക്കുറിച്ചുമുള്ള പരാതികൾ നാൾക്കുനാൾ വർധിക്കുകയാണ്. 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ മൈലേജ് കുറയ്ക്കുക മാത്രമല്ല, വാഹനത്തിന് ഇടക്കിടെ പണി തരുന്നുണ്ടെന്നും പറയുകയാണ് ‘ലോക്കൽ സർക്കിൾസ്’ നടത്തിയ പുതിയ സർവേ ഫലം.
2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകൾ വഴി E20 പെട്രോൾ വിൽപന ആരംഭിച്ചു. അതായത്, E20 ഇന്ധനം എല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിച്ചു…എന്നാൽ ഒരു വാഹന ഉടമകൾക്ക് , E20 പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിലവിൽ നിയമം വഴി നിർബന്ധനയില്ല. ഉപഭോക്താക്കൾക്ക് എഥനോൾ കലരാത്ത പെട്രോൾ ലഭ്യമല്ലെങ്കിൽ പോലും E10 പോലുള്ള മറ്റ് മിശ്രിതങ്ങൾ ഉപയോഗിക്കാം….അതേസമയം 2025 ഏപ്രിൽ 1 മുതൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ വാഹനങ്ങളും ഹൈബ്രിഡ് ഉൾപ്പെടെഉള്ളവയ്ക്ക് E20 ക്ക് അനുയോജ്യമായ ആയ എഞ്ചിനുകൾ ഉള്ളവയായിരിക്കണം എന്ന് വാഹന നിർമ്മാതാക്കൾക്ക് നിർബന്ധമുണ്ട്.
എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് E20 ഇന്ധനം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നത്. 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയതാണ് ഈ പുതിയ ഇന്ധനമിശ്രിതം. പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കാതെ, രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്ന കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.
ഈ ഇന്ധനം കത്തുമ്പോൾ സാധാരണ പെട്രോളിനെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ് (CO) പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. ഇത് ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണായകമാണ്.
എങ്കിലും E20 ഉപയോഗിക്കുമ്പോൾ ചില പഴയ വാഹനങ്ങളിൽ മൈലേജ് 6% വരെ കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ വെല്ലുവിളി മറികടക്കാൻ, വാഹന നിർമ്മാതാക്കൾ E20 കംപ്ലയിന്റ് ആയ പുതിയ മോഡലുകൾ വിപണിയിൽ എത്തിച്ചു . കൂടാതെ, നിലവിലുള്ള പഴയ വാഹനങ്ങൾ എഥനോൾ മിശ്രിതത്തിന് അനുയോജ്യമാക്കുന്നതിനുള്ള ചില കിറ്റുകൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
സർക്കാർ ലക്ഷ്യമിടുന്നത് 2025-ഓടെ രാജ്യത്തെമ്പാടും പൂർണ്ണമായും E20 ഇന്ധനം ലഭ്യമാക്കാനാണ്. ഇത് ഇന്ധന ഇറക്കുമതിക്കായി പ്രതിവർഷം ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാൻ സഹായിക്കും.
രാജ്യത്തെ 323 ജില്ലകളിലെ 36,000-ത്തിലധികം പെട്രോൾ വാഹന ഉടമകളിൽനിന്നാണ് ‘ലോക്കൽ സർക്കിൾസ്’ സർവേക്കായി വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 69 ശതമാനം പേർ പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമായിരുന്നു. ഒന്നാം നിര നഗരങ്ങളിൽനിന്ന് 45 ശതമാനം പേരും, രണ്ടാം നിര നഗരങ്ങളിൽനിന്ന് 27 ശതമാനം പേരും, ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമായി 28 ശതമാനം പേരുമാണ് സർവേയിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയത്.
E20 ഇന്ധനം എല്ലാ വാഹനങ്ങൾക്കും സുരക്ഷിതമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ, 2023ന് മുമ്പ് വാങ്ങിയ കാറുകളോ ഇരുചക്ര വാഹനങ്ങളോ ഉപയോഗിക്കുന്ന വാഹന ഉടമകൾ പറയുന്നത് തങ്ങളുടെ ഇന്ധന ഉപഭോഗം വർധിച്ചെന്നാണ്; അതായത് മൈലേജ് കുറഞ്ഞെന്ന്. 2022-ലോ അതിനുമുമ്പോ വാങ്ങിയ പെട്രോൾ വാഹന ഉടമകളിൽ 10-ൽ എട്ടുപേർ പറയുന്നു, 2025ൽ വാഹനത്തിന്റെ മൈലേജ് വളരെ കുറഞ്ഞു എന്ന്. മൈലജിനെക്കുറിച്ച് പരാതി പറഞ്ഞത് ആഗസ്റ്റിൽ 67 ശതമാനം ആളുകളായിരുന്നെങ്കിൽ ഒക്ടോബറിൽ 80 ശതമാനം പേരും ഈ പരാതി ഉയർത്താൻ തുടങ്ങിയിട്ടുണ്ട്.
മൈലേജ് കുറയുന്നത് മാത്രമല്ല, 2022-ലോ അതിനുമുമ്പോ വാങ്ങിയ പെട്രോൾ വാഹനങ്ങളുള്ള 52 ശതമാനം ഉടമകളും അവരുടെ വാഹനത്തിന് ഈ വർഷം അസാധാരണമായ തോതിൽ അറ്റകുറ്റപ്പണി നടത്തേണ്ടിവന്നുവെന്ന് പറയുന്നു. പണി കിട്ടുന്നതോ എൻജിൻ, പെട്രോൾ ലൈൻ, ടാങ്ക്, കാർബ്യുറേറ്റർ തുടങ്ങിയ പ്രധാന ഭാഗങ്ങൾക്കും. ആഗസ്റ്റിൽ ഇത്തരം അറ്റകുറ്റപ്പണി വന്നിരുന്നത് 28 ശതമാനമായിരുന്നെങ്കിൽ ഈ മാസം ഇത് ഏകദേശം ഇരട്ടിയായിട്ടുണ്ട്.
കാറുകൾ സ്റ്റാർട്ട് ആകുന്നില്ല എന്നത് മുതൽ ചെലവേറിയ എൻജിൻ തകരാർ വരെ സംഭവിച്ചുവെന്ന് നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ പങ്കുവെച്ച തങ്ങളുടെ അനുഭവങ്ങളിൽ പറയുന്നു. എഞ്ചിൻ തകരാറിലായി അറ്റകുറ്റപ്പണികൾക്കായി ഏകദേശം 4 ലക്ഷം രൂപ ചെലവഴിച്ചതായി ചെന്നൈയിലെ ഒരു ആഡംബര കാർ ഉടമ പറയുന്നു.ഉപയോക്താക്കൾ മാത്രമല്ല, മെക്കാനിക്കുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ധന സംബന്ധമായ പ്രശ്നങ്ങളിൽ 40 ശതമാനം വർധനവ് ഉണ്ടായെന്ന് വിവിധ നഗരങ്ങളിലെ മെക്കാനിക്കുകൾ ‘ലോക്കൽ സർക്കിൾസ്’ സർവേയിൽ പറയുന്നു. ഫ്യുവൽ ഇൻജക്ടർ തകരാറുകൾ, ടാങ്കിൽ തുരുമ്പ് പിടിക്കൽ തുടങ്ങിയ പ്രശ്നങ്ങളും മെക്കാനിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
E20 ഇന്ധനം ഉപയോഗിച്ചു തുടങ്ങിയ ശേഷം വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞു എന്നതാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്ന പ്രധാന പരാതി. പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്:
പല പഴയ വാഹനങ്ങളിലും 5% മുതൽ 8% വരെ മൈലേജ് കുറഞ്ഞതായി ഉപഭോക്താക്കൾ പറയുന്നു. എഥനോളിന്റെ കലോറി മൂല്യം പെട്രോളിനേക്കാൾ കുറവായതാണ് ഇതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്… E20-ക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ, പ്രത്യേകിച്ച് ഫ്യുവൽ ലൈനുകളും സീലുകളും, പെട്ടെന്ന് കേടാകുന്നു എന്ന പരാതിയും ശക്തമാണ്. എഥനോളിന് ഈ ഭാഗങ്ങൾ ലയിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ് കാരണം… ചിലപ്പോൾ എഞ്ചിൻ സ്റ്റാർട്ടാകാൻ ബുദ്ധിമുട്ടുക, സാധാരണ വേഗതയിൽ ലഭിക്കുന്ന ‘പവർ’ നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഈ പരാതികളെക്കുറിച്ച് പ്രതികരിച്ച എണ്ണക്കമ്പനി അധികൃതർ, പുതിയ മോഡലുകൾക്ക് ഈ പ്രശ്നങ്ങളില്ല. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ എഥനോൾ റെട്രോഫിറ്റ് കിറ്റുകൾ ഉപയോഗിച്ച് എഞ്ചിൻ പരിഷ്കരിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.
വാഹന ഉടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി, E20 ഇന്ധനം അനുയോജ്യമായ വാഹനങ്ങളുടെ പട്ടിക പൊതുജനങ്ങൾക്ക് മുന്നിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.











