രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ; അതിജീവിതയെ അപമാനിച്ചെന്ന കേസിൽസന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽസന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘം കെപിസിസി ജനറൽ സെക്രട്ടറി സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്ദീപ് വാര്യർക്ക് എസ്ഐടി നിർദേശം നൽകുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.
അതേസമയം ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസ് 75 (3) വകുപ്പ് കൂടി രാഹുൽ ഈശ്വറിനെതിരെ കൂട്ടി ചേർത്തിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ രാവിലെ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കും.













