കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടുന്ന കാര്യത്തിൽ പരിഹസിച്ചവർ വെറും ഊളകൾ; ഇന്ത്യയിൽ ഒളിമ്പിക്സ് നടത്തുമെന്നത് മോദിയുടെ കൽപന – വീണ്ടും ഫോമിലായി സുരേഷ്ഗോപി
നമ്മുടെ രാജ്യം ഒളിംപിക്സിന് വേണ്ടി തയ്യാറെടുക്കുമ്പോൾ കൊല്ലം ജില്ലാ എന്താണ് തയ്യാറാക്കുന്നത് എന്ന് ചോദിക്കുകയാണ് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. എൻഡിഎ കൊല്ലം കോർപറേഷൻ സ്ഥാനാർഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒളിംപിക്സ് ഇന്ത്യയിൽ വരുമെന്ന് പറയുന്നത് വെറും സ്വപ്നമല്ല. അത് മോദിയുടെ കൽപനയാണ്. 2040 ലെ ഒളിംപിക്സ് കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒളിംപിക്സ് ഗുജറാത്തിലും യുപിയിലും മഹാരാഷ്ട്രയിലും ബെംഗളൂരുവിലും മാത്രം ഒതുങ്ങിയാൽ മതിയോ? നമ്മളും തയ്യാറാവണം. ഉന്നതരായ കളിക്കാർ ഇറങ്ങിയ കൊല്ലത്തെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ് എന്നും അദ്ദേഹം ചോദിച്ചു.
സ്റ്റേഡിയത്തിന്റെ നിലവിലെ സാഹചര്യം നേരിട്ട് കാണാൻ വയ്യ. സിന്തറ്റിക് ട്രാക്ക് വന്നു എന്നതല്ലാതെ എന്താണ് അവിടെ നടന്നത്? കൊല്ലത്തെ ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. റെയിൽവേ സ്റ്റേഷൻ വികസനത്തിനും ബൈപാസ് വികസനത്തിനും മോദിയും ഗഡ്കരിയും തന്നെ വേണ്ടിവന്നു. ഇതെല്ലാം ജനങ്ങളുടെ പണം കൊണ്ടാണ് നിർമിക്കുന്നത്. അല്ലാതെ മോദിയുടെയോ പിണറായി വിജയന്റെയോ വി.ഡി.സതീശന്റെയോ വീട്ടിൽ നിന്നല്ല. കഴിഞ്ഞ 30 വർഷം കൊല്ലം ഭരിച്ചവരെ ചോദ്യം ചെയ്താൽ പോര. നിഷ്കാസനം ചെയ്യണമെന്നും മോദിയുടെ നന്മ കൊല്ലത്തും വരുമെന്നും കൂടി സുരേഷ്ഗോപി പറഞ്ഞു.
ഇവിടെ നിയമവും പൊലീസുമുണ്ടെന്നും, ഇനി സിബിഐയും എൻഐഎയും ഇ.ഡിയും വരുമെന്നും അപ്പോൾ ആരും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര സഹ മന്ത്രി പറഞ്ഞു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല. മറുപടി കൊടുക്കാൻ വേണ്ടിയാണ്. കിഫ്ബിയായാലും എന്ത് ബി ആയാലും കണക്കു വേണം. നാട്ടുകാരെ പറഞ്ഞ് പറ്റിക്കാനാകും, പക്ഷേ സംവിധാനത്തിൽ അത് നടക്കില്ല എന്നും സുരേഷ്ഗോപി പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ സീറ്റ് ജനങ്ങൾ ബിജെപിക്കു തിരികെ നൽകും. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ വരികയും അടുത്ത 6 മാസത്തിനുള്ളിൽ ട്രിപ്പിൾ എൻജിൻ സർക്കാർ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ കഴിഞ ദിവസം കോയമ്പത്തൂർ വരെ കൊച്ചി മെട്രോ നീട്ടണമെന്ന ആവശ്യം സുരേഷ്ഗോപി ആവർത്തിച്ച് പറഞ്ഞു. പാലക്കാട് നിന്നും കാറുമായി വരുന്ന ആരെങ്കിലും കാർ ആലുവയില്‍ നിർത്തി മെട്രോയില്‍ കയറി കൊച്ചി നഗരത്തിലേക്ക് വരുമോ? ഒരാളും അങ്ങനെ ചെയ്യില്ല. ഒരു വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ കോയമ്പത്തൂർ വരെ മെട്രോ നീളണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് പുള്ളി പറഞ്ഞത് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ പ്രചരണ പരിപാടിയില്‍ വെച്ചാണ്.
നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവഹേളിച്ചത്. അവരെ എനിക്ക് ഊളകള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ. ക്ഷമിക്കണം, മന്ത്രിക്ക് പ്രത്യേക നിഘണ്ഡുവൊന്നും ഉണ്ടാക്കി വെച്ചിട്ടില്ല. വികാരങ്ങള്‍ അതുപോലെ തന്നെ പ്രകടിപ്പിക്കണം. ഡല്‍ഹി മെട്രോ പോകുന്നത് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ്. യുപിയിലെ നോയിഡ മുതല്‍ ഹരിയാന വരെ നീണ്ടു കിടക്കുന്നു എന്നും സുരേഷ്ഗോപി സാർ പറഞ്ഞു.
2036 ല്‍ ഭാരതത്തില്‍ ഒളിമ്പിക്സ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ 36 ല്‍ അല്ലെങ്കില്‍ 40 ല്‍ അത് സാധ്യമായിരിക്കും. കായിക രംഗത്ത് യുപിയിലൊക്കെ ഉണ്ടായ വികസനം എന്താണെന്ന് പരിശോധിക്കണം. ചുമ്മാ ഇവിടെ ഇരുന്ന് ഊപ്പി… ഊപ്പി എന്ന് പറഞ്ഞാല്‍ പോര. ഇന്നത്തെ യുപി എന്താണെന്ന് നിങ്ങള്‍ പോയി കണ്ട് മനസ്സിലാക്കണം. യുപി, യുപി ആണെന്നും ഗുജറാത്ത്, ഗുജറാത്ത് ആണെന്നും ഒളിമ്പിക്സ് വരുമ്പോള്‍ തെളിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോ വലിച്ച് നീട്ടാൻ വല്ലാത്ത തിടുക്കമാണ് ഇദ്ദേഹത്തിന്. ഏതാണ് 200 കിലോമീറ്ററോളം ദൂരം ഈ മെട്രോ നീട്ടി എടുക്കുമ്പോളേക്കും വർഷങ്ങൾ കഴിഞ്ഞിരിക്കും. മൂന്നു മണിക്കൂർ കൊണ്ട് വണ്ഡേഭാരത്തിൽ കോയമ്പത്തൂരിൽ എത്താം. അല്ലെങ്കിൽ നാലു മണിക്കൂർ കൊണ്ട് എത്താവുന്ന കേരളം എക്സ്പ്രസോ പൂനാ എക്സ്പ്രസോ ധൻബാദ് എക്സ്പ്രസോ ഉണ്ട്. ഈ സിറ്റിയിൽ കിടന്ന് ഓതുന്ന കൊച്ചിയിലെ കൊച്ചു മെട്രോയെ വലിച്ച് നീട്ടിയിട്ടേ അടങ്ങൂ എന്നാണ് സുരേഷ്ഗോപി സാർ പറയുന്നത്. മെട്രോയിലെ ഇന്റർചെഞ്ച് സ്റ്റേഷനുകളിൽ നിന്ന് ട്രാൻസിറ്റ് ട്രാവൽ നടത്തേണ്ട ആവശ്യം എന്താണെന്ന് അറിയില്ല. അദ്ദേഹം ആരായുന്നത് സമ്മതിച്ച് കൊടുത്തേക്കണം. അല്ലെങ്കിൽ അങ്ങനെയുള്ളവരെ അദ്ദേഹം ഊളകൾ എന്ന് വിളിക്കും.













