ശക്തമാകുന്ന ഇന്ത്യ – റഷ്യ സൗഹൃദം, ആശങ്കയിൽ ഡൊണാൾഡ് ട്രംപ്; ഇന്ത്യയെയും റഷ്യയേയും ഒന്നിപ്പിച്ചതിൽ ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ
ഇന്ത്യയും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് പറയുകയാണ് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന് മൈക്കല്‍ റൂബിന്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ കാഴ്ചപ്പാടില്‍, ഇപ്പോളത്തെ ഇന്ത്യൻ സന്ദര്‍ശനം അങ്ങേയേറ്റം വിജയകരമാണ്. ലോകത്ത് മറ്റൊരിടത്തും കിട്ടാന്‍ സാധ്യതയില്ലാത്ത വിധത്തിലുള്ള ആദരവാണ് ഇന്ത്യ, പുതിന് നല്‍കിയത്. ഇങ്ങനെ ഇന്ത്യയെയും റഷ്യയെയും ഒരുമിപ്പിച്ച് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഡൊണാൾഡ് ട്രമ്പിനാണ്. അതിന്റെ പേരിൽ ട്രംപിന് ഒരു നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് ഞാന്‍ പറയും എന്നും റൂബിന് കൂട്ടിച്ചേര്‍ത്തു.
ഇപ്പോൾ ഇന്ത്യയും റഷ്യയും ചേർന്ന് ഒപ്പിട്ട ഈ ധാരണാപത്രങ്ങളില്‍ എത്രയെണ്ണം യഥാര്‍ഥത്തില്‍ ഫലപ്രാപ്തിയിലെത്തുമെന്നും റൂബിന് ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയെയും അമേരിക്കൻ പ്രസിഡന്റ് ട്രംപ്, കൂടുതല്‍ വിശാലമായി പരിഗണിച്ചതിൽ പുടിന് വിദ്വേഷമുണ്ട്. അത്കൊണ്ടാണ് റഷ്യ ഇന്ത്യയുമായി കരാറുകൾ ഉണ്ടാക്കിയതെന്നും റൂബിൻ പറയുന്നു.
യഥാർത്ഥത്തിൽ ന്യൂഡല്‍ഹിയില്‍ നടന്ന നരേന്ദ്ര മോഡിയും വ്ലാദിമിര്‍ പുട്ടിനും തമ്മിലുള്ള സൗഹൃദപരമായ ഉച്ചകോടി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗോള സ്വാധീനത്തിന് പരിമിതികൾ ഉണ്ടെന്ന ഒരു വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ശ്രമങ്ങളെ മറികടന്ന്, രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കും അനേകം കരാറുകള്‍ക്കും ശേഷം, ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തമാകുകയാണ്.
ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശക്തമായ അടിത്തറയില്‍ തന്നെ ഇപ്പോളും നിലകൊള്ളുകയാണ്. യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ഈ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ഉച്ചകോടി വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യ-റഷ്യ ബന്ധം ട്രംപിനെ എപ്പോളും അസ്വസ്ഥനാക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഒരു സാമൂഹിക മാധ്യമ പോസ്റ്റില്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ പുട്ടിന്റെ യുദ്ധത്തിന് ഊര്‍ജം നല്‍കുകയാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ മോഡി, പുട്ടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് എന്നിവര്‍ ഒന്നിച്ചുകൂടിയതിന് പിന്നാലെയായിരുന്നു ആ വിമര്‍ശനം. ഇന്ത്യയോടുള്ള അമേരിക്കന്‍ അസ്വാരസ്യം പിന്നീട് വാക്കുകളില്‍ മാത്രം ഒതുങ്ങിയില്ല. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷ’യായി ഇന്ത്യയ്ക്ക് 25 ശതമാനം അധിക വ്യാപാര തീരുവ ഏര്‍പ്പെടുത്തി, മൊത്തം തീരുവ 50 ശതമാനമാക്കി.
എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് മുന്നിൽ കീഴടങ്ങാൻ മോഡി തയ്യാറായില്ല. ‘ഇന്ത്യയ്ക്ക് ഇന്ധനം തടസമില്ലാതെ വിതരണം ചെയ്യാന്‍ റഷ്യ തയ്യാറാണ്’ എന്ന് പറഞ്ഞ് പുട്ടിന് ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ചൈനയ്ക്ക് പിന്നാലെ റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.
ഇന്ത്യ-റഷ്യ ബന്ധത്തിന് തുടക്കം കുറിക്കുന്നത് ശീതയുദ്ധ കാലത്താണ്; സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള മത്സരങ്ങളില്‍ പക്ഷം പിടിക്കാതിരുന്ന രാജ്യമാണ് ഇന്ത്യ.
എന്നാൽ പ്രതിരോധ മേഖലയില്‍ ഇന്ത്യ സോവിയറ്റ് യൂണിയനോടായിരുന്നു കൂടുതല്‍ അടുപ്പം പുലര്‍ത്തിയത്. അതിന്റെ തുടര്‍ച്ചയായി, ഇന്നും ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാരന് റഷ്യ തന്നെയാണ്.
2000ലാണ് ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചത്. അതിനുശേഷം ഓരോ വര്‍ഷവും ഉച്ചകോടികള്‍ ഉണ്ടായിരുന്നു. 2022ലെ യുക്രെയ്ന് യുദ്ധത്തിന് പിന്നാലെ അവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും, 2024ല്‍ മോഡിയുടെ മോസ്കോ സന്ദര്‍ശനത്തോടെ അത് പുനരാരംഭിച്ചു.
ഇപ്പോൾ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ പുതിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ എണ്ണ, എണ്ണ സംസ്കരണം, പെട്രോ കെമിക്കല്‍, സാങ്കേതികരംഗം തുടങ്ങിയവയില്‍ പങ്കാളിത്തം ഉറപ്പുവരുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. അമേരിക്ക ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നാണ് ഈ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും. അതിന്റെ നീരസമാണ് ഇപ്പോൾ പുറത്തത് വരുന്ന ഓരോ പ്രതികരണവും.













