ഇസ്രായേൽ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം; അല്ലെങ്കിൽ ആയുധം വെച്ച് കീഴടങ്ങില്ലെന്ന് ഹമാസ്
ഗാസയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതി പ്രകാരം രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്ന് പറയുകയാണ് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. ഇസ്റാഈല്‍ ഈ കരാര്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ഫലസ്തീന് ജനതയുടെ സ്വന്തമായ ഒരു സ്വതന്ത്ര രാജ്യം വരണമെന്നും അതില്‍ ഹമാസിന് അധികാര പങ്കാളിത്തം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുന്നതായി ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്റാഈല്‍ ജനത ഇതിനെതിരാണ്. നെസറ്റിലെ 120ല്‍ 99 അംഗങ്ങളും ഫലസ്തീന് രാജ്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന് രാജ്യം നിലവില്‍ വരുന്നത് ജൂതരാജ്യത്തിന്റെ നാശത്തിന് ഇടയാക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായും രണ്ടാംഘട്ടത്തിലേക്ക് ഉടന്‍ കടക്കാനാകുമെന്നു കരുതുന്നതായും നെതന്യാഹു പറഞ്ഞു. തെല്‍ അവീവില്‍ ജര്‍മന്‍ ചാന്സലറുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈമാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചയില്‍ വരുമെന്നും ഗസ്സയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇതിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ബന്ദി കൈമാറ്റമായിരുന്നു. ഇതു പ്രകാരം ജീവനോടെ ശേഷിച്ച ബന്ദികളെ മുഴുവനായും, കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഒഴികെ മുഴുവന്‍ മൃതദേഹഭാഗങ്ങളും ഹമാസ് കൈമാറിക്കഴിഞ്ഞു. റാന്‍ ഗ്വിലി എന്ന ഇസ്റാഈലിയുടെ ഭൗതികാവശിഷ്ടമാണ് ഇനി കൈമാറാനുള്ളത്. അതു കൂടി ലഭിക്കുന്നതോടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് നെതന്യാഹു പറഞ്ഞു.
ഗസ്സയുടെ ഭരണം ഹമാസ് ഇതര സര്‍ക്കാരിന് കൈമാറുകയെന്നതാണ് രണ്ടാംഘട്ടം. ഇത് ഏറെ പ്രയാസകരമായിരിക്കുമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. അതിനായി അന്താരാഷ്ട്ര സേനയെ ഗസ്സയില്‍ വിന്യസിക്കണം. തുടര്‍ന്ന് ഹമാസിനെ നിരായുധീകരിക്കണം.
അതേസമയം, ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല് മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് ആല്‍ഥാനി ദോഹ ഫോറത്തില്‍ പറഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ക്ക് അവിടെനിന്ന് പുറത്തുപോകാനും തിരിച്ചുവരാനും സാധിക്കുന്ന സാഹചര്യമുണ്ടാകണം. അത് ഇപ്പോഴില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഗാസയിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറായാൽ പലസ്തീൻ അതോറിറ്റിക്കുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുമെന്നാണ് ഹമാസ് പറയുന്നത്. അധിനിവേശം എത്രകാലം നിലനിൽക്കും എന്നതുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ആയുധ ഉപയോഗം ഇരിക്കുന്നതെന്നും അത് അവസാനിപ്പിച്ചാൽ ആയുധം താഴെവെക്കുമെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു.
അതിർത്തിസംരക്ഷിക്കുന്നതിനും വെടിനിർത്തൽ നിരീക്ഷിക്കുന്നതിനുമായി യുഎന്നിന്റെ നേതൃത്വത്തിൽ സേനയെ വിന്യസിക്കുന്നതിനെ തങ്ങൾ പിന്തുണയ്ക്കുമെന്നും ഹമാസ് നേതാവ് അറിയിച്ചിട്ടുണ്ട്.













