നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂര്‍ണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു.
അതിജീവിതയ്ക്കൊപ്പം എന്നും ഉറച്ചു നില്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്. പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അവര്‍ ശരിയായ രൂപത്തില്‍ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. വിചാരണയ്ക്കിടെ ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഹൈക്കോടതിയെ അടക്കം സമീപിക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും മടി കാണിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശക്തമായ നിലപാടാണ് കിട്ടാവുന്ന ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതിയില്‍ ഡിജിപി തുടര്‍ച്ചയായി ഹാജരായിരുന്നു. സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ വ്യത്യസ്തമായ വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലെങ്കില്‍ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.













