ശ്രീലേഖയല്ല, പകരം വി വി രാജേഷ് തിരുവനന്തപുരം മേയറാകും?
ഞെട്ടിക്കുന്ന വിജയമാണ് ബിജെപിക്ക് തിരുവനന്തപുരം കോര്പറേഷനിലുണ്ടായത്. ആവേശത്തിലും ആഹ്ളാദത്തിലും മതിമറക്കാതെ കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് തുടങ്ങിയതിനൊപ്പം മേയര്‍ ആരെന്നതിലെ പ്രാഥമിക ചര്‍ച്ചകളിലേക്കും ബിജെപി കടന്നുകഴിഞ്ഞു. ആര് ശ്രീലേഖ മേയറായേക്കുമെന്ന് ഇന്നലെ പ്രചാരണം ശക്തമായിരുന്നുവെങ്കിലും, ഇപ്പോൾ ബിജെപി ചര്‍ച്ചകളില്‍ കൂടുതലായി കേള്‍ക്കുന്നത് വി വി രാജേഷിന്റെ പേരാണ്.
ഡെപ്യൂട്ടി മേയറായി ആര് ശ്രീലേഖയെ പരിഗണിക്കുമെന്നും വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ബിജെപി നേതൃത്വം ശ്രീലേഖയോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ് വി വി രാജേഷ്. രാജേഷ് സംഘടനാ ചുമതലകള്‍ വഹിക്കുന്നതിനാല്‍ മേയര്‍ ചുമതല കൂടി നല്‍കുമോ എന്ന സംശയം ഒരു ഭാഗത്തുയരുന്നുണ്ട്. അതിനാല്‍ ആദ്യഘട്ടത്തില്‍ മേയറായി ആര് ശ്രീലേഖയെ പരിഗണിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റേയും താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം വി വി രാജേഷിന് അനുകൂലമായ നിലപാടെടുക്കാനാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖയെങ്കിലും പൊതുപ്രവര്‍ത്തന രംഗത്തെ അവരുടെ പരിചയക്കുറവ് കൂടി കണക്കിലെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.
തിരുവനന്തപുരത്ത് ബിജെപി പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോര്‍പ്പറേഷന്റെ വരുമാനം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. 45ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കും എന്നാണ് പറഞ്ഞത്. അതിനുള്ളില്‍ തന്നെ പ്രധാനമന്ത്രി മോദിയെത്തും. മുന്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെ 101 വാര്‍ഡുകളാണുള്ളത്. ഇതില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മിന്നും ജയം.












