ഇറാനിലേക്കുള്ള ചരക്കുമായി പോയ കപ്പൽ അമേരിക്കൻ സൈനികർ പിടിച്ചു; പ്രതിഷേധമുയർത്തി വെനസ്വേലയും ചൈനയും
ചൈനയില്‍ നിന്നും ഇറാനിലേക്ക് പോവുകയായിരുന്ന ഒരു ചരക്കുകപ്പലില്‍ അമേരിക്കൻ സൈനികർ അതിക്രമിച്ച് കയറി. നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ യുഎസ്-ഇന്‍ഡോ-പസിഫിക് കമാന്‍ഡ് പ്രതികരിച്ചിട്ടില്ല.
എന്നാല്‍, ഇറാന് ആയുധങ്ങളുണ്ടാക്കാന്‍ വേണ്ട വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. ഇറാന് അമേരിക്ക നേരത്തെ തന്നെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി എന്നാണ് പറയുന്നത്. എന്നാൽ അമേരിക്കൻ സൈനിക നടപടിയെ ചൈന അപലപിച്ചു. നേരത്തെ വെനുസ്വേലയിലേക്ക് ചൈന അയച്ച എണ്ണട്ടാങ്കറും യുഎസ് സൈന്യം റെയ്ഡ് ചെയ്തിരുന്നു. കടല്‍ക്കൊള്ളയാണ് അമേരിക്ക നടത്തുന്നതെന്ന് വെനുസ്വേല സര്‍ക്കാര്‍ പറഞ്ഞു. കടല്‍ വഴിയുള്ള സൈനിക ഇടപെടലുകള്‍ അമേരിക്ക കടുപ്പിക്കുന്നു എന്നാണ് ഈ പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ശ്രീലങ്കയില്‍ നിന്ന് ഏറെ ദൂരെ വച്ചാണ് കപ്പല്‍ പിടികൂടിയത്. ഏറെ വര്‍ഷങ്ങള്‍ക്കിടെ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പോകുന്ന കപ്പല്‍ അമേരിക്ക പിടിക്കുന്നത് ആദ്യമാണ്. നവംബര്‍ അവസാനത്തിലാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാര്‍ത്തയാകുന്നത്.
അമേരിക്ക ഉപരോധം ചുമത്തിയ രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. ലോകത്തെ പ്രധാന എണ്ണരാജ്യങ്ങളാണ് ഇവ രണ്ടും. ഇവരുടെ എണ്ണ കൂടി വിപണിയിലെത്തിയാല്‍ വില വലിയ തോതില്‍ കുറയും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നത് വില കുറയാനാണ്. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
അമേരിക്കയുടെ ഇന്തോ-പസഫിക് കമാന്റ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ആയുധ നിര്‍മാണത്തിന് ഉപകരിക്കുന്ന വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോട്ടിലുള്ളത്. എന്നാല്‍ സിവിലിയന്‍ ആവശ്യത്തിനും സൈനിക ആവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്ന് മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, ചൈനയും ഇറാനും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ഇറാനെതിരെ അമേരിക്ക ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണ് എന്ന അഭിപ്രായമാണ് ചൈനയ്ക്കുള്ളത്. വെനസ്വേലയില്‍ എണ്ണ കപ്പല്‍ ആക്രമിച്ച അമേരിക്കയുടെ നടപടിയെ ചൈന അപലപിച്ചു. ഈ കപ്പല്‍ അമേരിക്ക ടെക്സാസ് തുറമുഖത്തേക്ക് കൊണ്ടുപോയിരുന്നു.
വെനസ്വേലയെ ഏത് സമയവും അമേരിക്ക ആക്രമിക്കുമെന്നാണ് ഇപ്പോളുള്ള അഭ്യൂഹം. തുടര്‍ച്ചയായി അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നതാണ് ഈ പ്രചാരണത്തിന് കാരണം. വെനസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.
എന്നാല്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ പുറത്താക്കാനാണ് അമേരിക്കയുടെ നീക്കം എന്ന് വെനസ്വേല കുറ്റപ്പെടുത്തി. വെനസ്വേലക്കെതിരെ അമേരിക്ക ചുമത്തുന്ന ഏകപക്ഷീയമായ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് ചൈനയും അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അംഗീകാരമില്ലാതെയാണ് അമേരിക്ക ഉപരോധം ചുമത്തുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജയ്ക്കന്‍ ഒരു കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.













