കൊച്ചി കോർപ്പറേഷനിൽ സമുദായം നോക്കി സ്ഥാനം പങ്ക് വെക്കൽ തുടങ്ങി; വോട്ട് ചെയ്ത് ജയിപ്പിച്ചവരെ നോക്കി കൊഞ്ഞനം കുത്തുന്ന സഭകൾ
കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ് രണ്ട് പേർക്കായി പങ്ക് വയ്ക്കും എന്നാണ് പറയുന്നത്. ആദ്യത്തെ രണ്ടര വർഷം ദീപ്തി മേരി വർഗീസും പിന്നീടുള്ള രണ്ടര വർഷം ഷൈനീ മാത്യുവും മേയറാകും. ഇരുവരും കരാറിനായുള്ള സമ്മതപത്രം ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിന് നൽകില്ല എന്നാണ് അറിയുന്നത്. കോൺഗ്രസിലെ പിവികെ കൃഷ്ണകുമാറോ അഥവാ ദീപക്ക് ജോയിയോ ഡപ്യൂട്ടി മേയറാകും.
ഇത്തവണ വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തിൽ സാമുദായിക സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന അഭിപ്രായവും കോൺഗ്രസ്സ് പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ,ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. വരാപ്പുഴ അതിരൂപതയുടെ അൽമായ സംഘടനയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതാണ് കൊച്ചി കോർപറേഷന് വേണ്ടി കോൺഗ്രസ്സിന് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. ജാതിസമവാക്യങ്ങൾ കടുകിട തെറ്റാതെ കാത്ത് കൊണ്ട്, കോൺഗ്രസ്സ് എന്ന പാർട്ടി വീണ്ടും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്.
കൊച്ചിക്കാർ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട കാര്യവുമില്ല. കാരണം ഈ വിധി എഴുതിയത് നിങ്ങൾ തന്നെയാണ്. ലത്തീനും കാത്തോലിക്കയും ഓർത്തഡോൿസും യാക്കോബയും മത്സര ബുദ്ധിയോടെ ഓരോരോ അധികാര സ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന മനോഹര കാഴച നിങ്ങൾ തന്നെയാണ് സമ്മാനിച്ചത്.
കഴിഞ്ഞ അഞ്ചുകൊല്ലം ശാന്തവും സുന്ദരമായ ഒരു ഭരണം തന്നെയാണ് കൊച്ചിയിൽ ഉണ്ടായിരുന്നത്. കൊച്ചിയെ ഏറെക്കുറെ മെച്ചപ്പെടുത്തി ഒരു നല്ല നിലയിൽ ആക്കിയതാണ് അവർ. വീണ്ടും കൊച്ചി പഴയ കൊച്ചിയാവാൻ പോകുകയാണ്. ജാതിയും മതവും പറഞ്ഞുള്ള വീതം വയ്പ്പാണ് ആദ്യം നടക്കുന്നത്. അത് കഴിഞ്ഞാൽ വരാൻ പോകുന്നത് അഴിമതിയും കയ്യിട്ടുവാരലും തന്നെയായാണ്. കൂറേ വര്ഷങ്ങളുടെ ആക്രാന്തം തീർക്കാനുണ്ട്.
നല്ല രീതിയിൽ ഭരിച്ചവരെ പുറത്താക്കി ജനം തെരഞ്ഞെടുത്തത് വീതം വെച്ച് അധികാരം പങ്കിടാൻ കാത്തിരിക്കുന്നവരെയാണ് , സ്ഥാനം കിട്ടിയില്ലെങ്കിൽ പിണങ്ങി പോകുന്നവരെയാണ്.
ഇവർ നാട് നന്നാക്കിയില്ലെങ്കിലും, ഇനിയും ഇക്കൂട്ടർക്ക് വോട്ടുകൾ കിട്ടും. കാരണം പള്ളിയുടെ നോമിനിക്ക് പദവി കിട്ടുന്നുണ്ട്.
മോശം അവസ്ഥയിൽ നിന്നും കൊച്ചിയെ ഒരു മഹാനഗരമാക്കി മാറ്റാൻ ശ്രമിച്ച അനിൽകുമാറിനും ടീമിനും ഇത്തവണ തോൽവിയാണ് ജനം സമ്മാനിച്ചത്. അന്ധമായ രാഷ്ട്രീയമില്ലാത്ത കൊച്ചിക്കാർക്ക് അതൊരു വേദന തന്നെയാണ്.
സൗമിനി ജെയിനിന്റെയൊക്കെ ഭരണ കാലത്ത് ഉണ്ടായിരുന്നത് ചീഞ്ഞു നാറിയ മാലിന്യ കൂമ്പാരങ്ങൾ, പൊട്ടി പൊളിഞ്ഞു തകർന്ന റോഡുകൾ, ഒക്കെ ആയിരുന്നു. ചെളി വെള്ളത്തിൽ ആകെ മുങ്ങിത്താഴുന്ന ഒരു കൊച്ചി ആയിരുന്നു അന്ന്. ഇന്ന് ഇന്ത്യയിൽ വരുന്ന വിദേശ ടൂറിസ്റ്റുകൾ അടക്കം കൊച്ചിയെ വാഴ്ത്തി പാടുമ്പോൾ, ആർക്കാണ് നമ്മൾ നന്ദി പറയേണ്ടത്.
ബ്രഹ്മ പുരത്തെ മാലിന്യ കൂമ്പാരങ്ങൾ മായ്ച്ച് കളഞ്ഞത് ആരാണ്? ഇന്നവിടെ നമ്മൾ കാണുന്നത് മനോഹരമായ കളിക്കളമാണ്. കൊച്ചിയിലെ വാട്ടർ മെട്രോ കേരളത്തിന്റെ കൂടി മുഖമായി മാറിയിരിക്കുന്നു.
ചെറിയ പേഴ്സുമായി നഗരത്തിൽ വരുന്ന ആയിരക്കണക്കിന് ആളുകൾക്ക് ദിവസവും ഊണ് കൊടുക്കുന്ന സമൃദ്ധി കിച്ചൺ ഒക്കെ ഇലക്ഷൻ തിരക്കിൽ ജനങ്ങൾ മറന്നുപോയി. കടൽ ക്ഷോഭം കാരണം 50 വർഷം കഷ്ടപ്പെട്ട ചെല്ലാനം പഞ്ചായത്ത് നിവാസികൾക്ക് ശാശ്വത പരിഹാരം നൽകിയത് കഴിഞ്ഞ ഭരണകൂടമാണ്. എന്നാൽ അവിടെയും പരാജയപ്പെട്ടു. എന്തായാലും ചെയ്തത് തെറ്റായിപ്പോയെന്ന് കൊച്ചിക്കാർക്ക് ഉണ്ടനെ മനസ്സിലാകും. അത് ചെയ്യാൻ കോൺഗ്രസ്സിന് രണ്ടു വര്ഷം തന്നെ ധാരാളമാണ്.
ഒരിക്കൽ കൂടി കൊച്ചിയിൽ ലത്തീനും കാത്തോലിക്കയും ഓർത്തഡോൿസും യാക്കോബയും ഓരോന്നായി വാരി പങ്ക് വെക്കുമ്പോൾ 40%വോട്ടുള്ള ഹിന്ദുവും 20%വോട്ടുള്ള മുസ്ലിമും അന്തം വിട്ട് മേലോട്ട് നോക്കി നിൽക്കുന്നുണ്ട്.













