യാഷിന്റെ പിറന്നാളിൽ ടോക്സിക്കിന്റെ വമ്പൻ അപ്ഡേറ്റ്, ടോക്സിക്കിൽ യാഷ് അവതരിപ്പിക്കുന്ന റായയുടെ ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസർ റിലീസായി
ഡാഡീസ് ഹോം!’ — യാഷിന്റെ ജന്മദിനത്തിൽ ‘ടോക്സിക്’ വഴി റായയുടെ ശക്തമായ അവതാരം പ്രകടമാകുന്ന ടീസർ നിർമ്മാതാക്കൾ റിലീസ് ചെയ്തു. ശക്തവും ധൈര്യവും നിറഞ്ഞ ഒരു സിനിമാറ്റിക് പ്രസ്താവനയായി റായയുടെ വരവിനെക്കുറിച്ച് നിർമ്മാതാക്കൾ ഇങ്ങനെ കുറിച്ചു “ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്”. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. ശ്മശാനത്തിന്റെ നിശ്ശബ്ദതയെ തകർത്ത് തുടങ്ങുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവിൽ നിന്ന് റായയെ പുറത്തുകൊണ്ടുവരുന്നു. കൈയിൽ ടോമി ഗൺ, മുഖത്ത് നിർഭയത — അവൻ നിമിഷത്തെ നിയന്ത്രിക്കുന്നവനായി മാറുന്നു.റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ്.
അവൻ അംഗീകാരം തേടുന്നവനല്ല — അവൻ ശക്തിയാണ്. ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, എൻസെംബിൾ ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നു വരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
റിസ്ക് എടുക്കാൻ ഭയപ്പെടാത്ത അഭിനേതാവെന്ന നിലയിൽ, യാഷ് ഇതിനകം തന്നെ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം ഉറപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ധൈര്യമായ തീരുമാനങ്ങളായി കണക്കാക്കിയ പദ്ധതികൾ പിന്നീട് ചരിത്രവിജയങ്ങളായി മാറിയതിന്റെ സാക്ഷിയാണ് അദ്ദേഹത്തിന്റെ യാത്ര.ടോക്സിക് ആ പാരമ്പര്യം തുടരുകയാണ്.നടൻ, സഹ-തിരക്കഥാകൃത്ത്, സഹ-നിർമ്മാതാവ് എന്നീ നിലകളിൽ, യാഷ് ഈ ചിത്രത്തിലൂടെ വീണ്ടും പരിധികൾ മറികടക്കുന്നു. ഇരുണ്ട ഭാവങ്ങളും സങ്കീർണ്ണതയും ആഗോളമായ കഥപറച്ചിലും റായ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പൂർണമായും പരീക്ഷണാത്മകതയെ സ്വീകരിക്കുന്നു. കഴിഞ്ഞ വർഷം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ സൂചനയെ തുടർന്ന്, ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ വീഡിയോ ടോക്സിക് ലോകത്തെ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും അവതരിപ്പിക്കുന്നു. ആക്ഷൻ, ദൃശ്യവിസ്മയം, തീവ്രത എന്നിവകൊണ്ട് സമ്പന്നമായൊരു അനുഭവമായി പ്രേക്ഷകർക്ക് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ടോക്സിക്.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.സാങ്കേതികമായി ശക്തമായ ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ).
ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ : പ്രതീഷ് ശേഖർ.













