വ്യാജ ലൈംഗികപീഡന കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരെ 82 വയസ്സുകാരൻറെ പോരാട്ടം; 18 വർഷങ്ങൾക്ക് ശേഷം വിജയം കണ്ട് ജനാർദ്ദനൻ നമ്പ്യാർ
വര്‍ഷങ്ങളോളം കേസും കോടതിയുമായി നടന്ന ഒരു മനുഷ്യന്റെ പോരാട്ടത്തിന് മുന്നിൽ കാക്കിക്കുള്ളിലെ ചില ക്രിമിനലുകൾ അവസാനം പരാജയപ്പെടുകയാണ്. സ്വന്തം ജീവിതത്തിന്റെ നല്ലൊരു സമയം കോടതി വരാന്തകളില്‍ ചെലവിട്ട ആളാണ് 82 വയസ്സുള്ള ജനാർദ്ദനൻ നമ്പ്യാർ. അദ്ദേഹത്തിന്റെ മാനസിക കരുത്തിന് മുന്നിൽ മുട്ടുകുത്തുകയാണ് പോലീസ്.
വ്യാജ ലൈംഗികാരോപണം കെട്ടി ചമച്ച് തന്നെ ഏറെക്കാലം വേട്ടയാടിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുപ്പിക്കാന്‍ ഉത്തരവ് നേടിയിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി ജനാര്ദനന് നമ്പ്യാര്‍. ഇതോടെ, കേസ് അന്വേഷിച്ച ഐജി മുതല്‍ ഇന്‍സ്പെക്ടര്‍ വരെയുള്ളവര്‍ ഇനി കോടതി കയറേണ്ടി വരും.
18 വര്‍ഷം മുന്‍പാണ് ജനാർദ്ദനൻ നമ്പ്യാരുടെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടാകുന്നത്. തന്റെ സ്ഥാപനത്തിലെ ഒരു ജോലിക്കാരന്റെ സഹോദരിക്ക് ഒരു വായ്പ എടുക്കാന്‍ ഇടനിലക്കാരനായി നിന്നതാണ് ജനാര്ദനന് നമ്പ്യാര്‍ ചെയ്ത ‘തെറ്റ്’. ഈ വായ്പ അവർ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ഉണ്ടായ നിയമനടപടികളില്‍ സാക്ഷി പറയരുത് എന്നായിരുന്നു ആദ്യത്തെ ഭീഷണി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജനാര്ദനന് നമ്പ്യാരുടെ ജീവിതം നരകതുല്യമായത്.
ആ പരാതി പിന്‍വലിക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തി. വഴങ്ങാതെ വന്നതോടെ നമ്പ്യാരെ തകർക്കാൻ ‘ലൈംഗികാരോപണം’ അതിലേക്ക് കൊണ്ടുവന്നു. എന്നാൽ, വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ലൈംഗികാരോപണമില്ലെന്ന് വ്യക്തമായി. തുടർന്ന് കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. ഇത് നടപ്പാക്കാതായപ്പോൾ 2011-ൽ ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്.
അതിനുശേഷം 2011 ജൂണിലാണു യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി ഗുരുവായൂർ സ്റ്റേഷനിൽ രേഖാമൂലം നൽകിയത്. ഈ വ്യാജപരാതിയിൽ അന്നത്തെ പോലീസ് ഇൻസ്പെക്ടർ എഫ്ഐആർ ഇട്ട് കേസെടുത്തു. പിന്നീട് ജില്ലാ സെഷൻസ് കോടതിയിൽ 2020-ൽ തുടങ്ങിയ വിചാരണ 2023 നവംബറിലാണ് അവസാനിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയും ശത്രുത മൂലമാണ് ബലാത്സംഗക്കേസിൽ തെറ്റായി ഉൾപ്പെടുത്തിയതെന്ന് കണ്ടെത്തിയും കോടതി ജനാർദ്ദനൻ നമ്പ്യാരെ കുറ്റവിമുക്തനാക്കി.
അഭിഭാഷകരായ കെ.ഡി. ബാബു, ശരത്ബാബു കോട്ടയ്ക്കൽ എന്നിവരാണ് നിയമസഹായം നൽകിയത്. കുറ്റവിമുക്തനായ ശേഷം നമ്പ്യാര്‍ നേരെ പോയത് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയിലേക്കാണ്. ഇതോടെയാണ് അന്ന് കേസ് അന്വേഷിച്ച ഗുരുവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, കെ. സുദര്ശന്, അന്നത്തെ എ സി പി ശിവദാസന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ക്ക് അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ ഗൂഢാലോചന നടത്തിയ ഐജിയുടെ പങ്കും അന്വേഷണ പരിധിയില്‍ വരും.
വിവരാവകാശ രേഖകളില്‍ ഇല്ലാത്ത ആരോപണം പോലുമുണ്ടാക്കി പൊലീസ് നമ്പ്യാരെ വേട്ടയാടി. ഡിജിപിക്ക് പരാതി നല്‍കിയിട്ടും സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആസ്ഥാനത്തു നിന്നും ഉണ്ടായത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ നമ്പ്യാര്‍ തയ്യാറായിരുന്നില്ല.
സത്യസന്ധമായി ജീവിച്ച തന്നെ ഒരു പീഡനക്കേസ് പ്രതിയാക്കി ചിത്രീകരിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു എന്നാണ് ജനാര്ദനന് നമ്പ്യാര്‍ പറയുന്നത്. കുടുംബത്തിന്റെയും അഭിഭാഷകരുടെയും ശക്തമായ പിന്തുണയാണ് ഈ പോരാട്ടത്തില്‍ കരുത്തായത് എന്ന് അദ്ദേഹം പറയുന്നു. പൊലീസിലെ കാക്കിയിട്ട ചില ക്രിമിനലുകള്‍ക്ക്, കാശിന് വേണ്ടി എന്തും ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്ക് ഒക്കെയുള്ള വലിയൊരു മുന്നറിയിപ്പാണ് 82 വയസ്സ് കഴിഞ്ഞ ജനാർദ്ദനൻ നമ്പ്യാരുടെ പോരാട്ട വിജയം.
തൻ തെറ്റുകാരനല്ല എന്ന ബോധ്യം ഉള്ളത് കൊണ്ട് തളരാതെ വര്‍ഷങ്ങളോളം കേസുമായി നടന്ന ആളാണ് അദ്ദേഹം. ഒടുവിൽ ആ പോരാട്ടം വിജയം കണ്ടിരിക്കുന്നു. സത്യം എന്നെങ്കിലും മറ നീക്കി പുറത്ത് വരും എന്നത് ഉറപ്പാണ്. കാലം അതിന് സാക്ഷിയാകും. ഒരു വ്യാജ പരാതിയിൽ കുറ്റവിമുക്തൻ ആക്കിയാൽ മിക്കവാറും എല്ലാവരും ആ കേസ് അവിടെ അവസാനിപ്പിക്കും. പക്ഷെ നമ്പ്യാർ ആ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പുറകെ പോയി. അതിന്റെ ഫലപ്രാപ്തിയാണ് ഇപ്പോൾ കാണുന്നത്.












