‘ഞങ്ങള്‍ക്കെല്ലാം സന്തോഷം’; വിഎസിന്റെ പത്മവിഭൂഷണ്‍ പുരസ്കാരത്തെ സ്വാഗതം ചെയ്ത് സിപിഎം
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഎം. അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. വി എസും മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
‘മുമ്പ് പാര്‍ട്ടി നേതാക്കന്മാര് അവരവരുടേതായ നിലപാട് അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതിപ്പോള്‍ വി എസ് അച്യുതാനന്ദന് ഇല്ല. വിഎസിന്റെ കുടുംബം അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം അതില്‍ സന്തോഷമാണ്. ഞങ്ങൾ സ്വാഗതം ചെയ്യുന്നു’. എം വി ഗോവിന്ദന് പറഞ്ഞു.
അവാര്‍ഡുകള്‍ നിരസിക്കുന്നതായിരുന്നു സിപിഎമ്മിന്റെ മുന്‍കാലങ്ങളിലെ നിലപാടുകള്‍. ഇഎംഎസ്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബുദ്ധബേബ് ഭട്ടാചാര്യ എന്നിവര്‍ പത്മ പുരസ്കാരങ്ങളും ജ്യോതി ബസു ഭാരതരത്ന പുരസ്കാരവും നിഷേധിച്ചിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്കുന്ന ആദരവാണ് പുരസ്കാരമെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്.













