ട്വൻ്റി 20 യുടെ പിന്മാറ്റം ബിജെപിയ്ക്ക് ഗുണകരമെന്ന് കെ സുരേന്ദ്രൻ
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ട്വൻ്റി 20യുടെ പിന്മാറ്റം ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
എല്‍.ഡി.എഫ്- യു.ഡി.എഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി 20 കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചതെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ഭരണകക്ഷിയോ പ്രധാന പ്രതിപക്ഷമോ തയ്യാറായിട്ടില്ല. അവര്‍ മതഭീകരവാദികളെ സഹായിക്കുന്നതിന്റെ പിന്നാലെയാണെന്നും അതുകൊണ്ടു തന്നെ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വളരെ ശക്തമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
കെ റെയില്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ തന്നെ കുറ്റിയടി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം അത് തുടര്‍ന്നാല്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ്. സില്‍വര്‍ ലൈന്‍ വരുന്നതിനെതിരെ ശക്തമായ നിലപാട് കേരളത്തിലെ ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. അത് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
Content Highlight- Thrikkakara Bye-Election: Absence of Twenty 20 will help BJP, says K Surendran