എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും
എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി.
28 രൂപ മുതല്‍ 31 രൂപവരെയാണ് വിലവര്‍ധന. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തല്‍. ഇതിന്റെ ഭാഗമായി എല്‍പിജി വിലയും കുതിച്ചേക്കും. പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.








