ദിവ്യശ്രീ വധക്കേസ്: ഭർത്താവിന് ട്രിപ്പിൾ ജീവപര്യന്തം, രണ്ടു ലക്ഷം രൂപ പിഴയും
കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1), 109(1), 332(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷകൾ വിധിച്ചത്. അപൂർവ്വമായാണ് ഇത്തരത്തിൽ മൂന്നു ജീവപര്യന്തം വിധിക്കാറുള്ളത്. ഇതിന് പുറമെ, ബി.എൻ.എസ് സെക്ഷൻ 238(2) പ്രകാരം ഏഴു വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2024 നവംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വെട്ടുകത്തിയും പെട്രോളുമായി ദിവ്യശ്രീയുടെ വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. വീടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം ദിവ്യശ്രീയെ പലതവണ വെട്ടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീടിന്റെ ഗേറ്റ് വരെ പിന്തുടർന്ന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ദിവ്യശ്രീ വിവാഹമോചനത്തിന് ഹർജി നൽകിയതിലും കൗൺസിലിംഗ് സമയത്ത് തീരുമാനത്തിൽ ഉറച്ച് നിന്നതിലുമുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.












