‘അഴിമതി ഫയലുകള്‍ ഉചിതമായ സമയത്ത് പുറത്തുവിടും, ഇപ്പോള്‍ എന്നെ നിര്‍ബന്ധിക്കരുത്’! ഡി.എം.കെയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്
തമിഴ്നാട് നിയമസഭയില്‍ ഡി.എം.കെ-ടി.വി.കെ പോര് കത്തുന്നു! റോഡ് നിർമ്മാണത്തിലെ അഴിമതിയാരോപണങ്ങളെച്ചൊല്ലി തുടങ്ങിയ തർക്കം ഒടുവില്‍ ഡി.എം.കെയെ വിറപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഉയർത്തിയ വെല്ലുവിളിയിലാണ് എത്തിനില്‍ക്കുന്നത്. മൂന്ന് സർക്കാർ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച സുപ്രധാന ഫയലുകളുണ്ടെന്നും, തന്നെ നിർബന്ധിച്ച് അത് തുറപ്പിക്കാൻ ശ്രമിക്കരുതെന്നും മുൻ മന്ത്രിമാർക്കും ഡി.എം.കെ എം.എല്‍.എമാർക്കും മുഖ്യമന്ത്രി കർശന താക്കീത് നല്കി. അഴിമതി റിപ്പോർട്ടുകള്‍ തന്റെ മേശപ്പുറത്തുണ്ടെന്നും കൃത്യമായ സമയത്ത് അത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയില്‍ അഴിമതി തെളിവ് ചോദിച്ച് ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്കി. ധനമന്ത്രി എൻ. മേരി വില്‍സണ്‍ കഴിഞ്ഞയാഴ്ച തന്നെ മൂന്ന് വകുപ്പുകളിലെ വിശദമായ അവലോകന റിപ്പോർട്ടുകള്‍ തനിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, അഴിമതിയുടെ വ്യക്തമായ തെളിവുകള്‍ അതിലുണ്ടെന്നും വിജയ് സഭയില്‍ പറഞ്ഞു. “എപ്പോള്‍ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയാം. സ്നേഹത്തോടെയും ആദരവോടെയും സംസാരിച്ചതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തത്, അത് മറക്കരുത്” എന്ന് അദ്ദേഹം ഡി.എം.കെയെ ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി എ. രാജമോഹനും ചർച്ചയില്‍ ഇടപെട്ടുകൊണ്ട്, അഴിമതി തെളിവുകള്‍ പുറത്തുവന്നാല്‍ ഡി.എം.കെ നേതാക്കള്‍ക്ക് പിന്നെ മിണ്ടാൻ കഴിയില്ലെന്ന് പരിഹസിച്ചു.
എന്തായാലും തമിഴ്നാട് രാഷ്ട്രീയത്തില്‍ വൻ ഭൂകമ്പത്തിന് വഴിതെളിക്കാൻ പാകത്തിലുള്ള ഈ ‘അഴിമതി ഫയലുകള്‍’ പുറത്തുവിടാൻ കാത്തിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാനം മുഴുവൻ.













