സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു ; ആറ് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ആറ് ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11-ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 12-ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സോമാലിയ തീരം, ഒമാൻ തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.












