മാസപ്പടി ഇടപാട്: വിഡി സതീശന്- രമേശ് ചെന്നിത്തല കൂടിക്കാഴ്ച മറ്റന്നാള്‍
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ കത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടായേക്കും. മറ്റന്നാള്‍ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ഇഡി ഡിജിപിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശം സര്‍ക്കാര്‍ നിലവില്‍ വിശദമായി പരിശോധിച്ചുവരികയാണ്. സിഎംആര്‍എല്‍- എക്സാലോജിക് പണമിടപാടിലും ഹവാല ആരോപണത്തിലും അന്വേഷണം ആകാമെന്നും, ഏതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു നിയമോപദേശം നല്‍കിയിട്ടുള്ളത്. എജിയുടെ ഈ നിയമോപദേശം നിലവില്‍ ആഭ്യന്തര സെക്രട്ടറിയുടെ മുന്നിലാണുള്ളത്.
ഇഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ എഫ്ഐആറിന് മുന്‍പായി വിജിലന്‍സ് തലത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നാണ് എജി വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.













