നാലുവയസുകാരനോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം തടവ്
ഇടുക്കി കുമാരമംഗലത്ത് നാലു വയസ്സുകാരൻ്റെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് 21 വർഷം കഠിനതടവ്. മുട്ടം പോക്സോ കോടതിയാണ് പ്രതിയായ അരുൺ ആനന്ദിന് 21 വര്‍ഷം കഠിന തടവും 3.81 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
ദേഹോപദ്രവം, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമം, 12 വയസ്സിനു താഴെയുള്ളവര്‍ക്കെതിരായ ലൈംഗികാതിക്രമം, രക്ഷകര്‍ത്താവു തന്നെ നടത്തുന്ന ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. ആറു വര്‍ഷത്തെ കഠിന തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 15 വര്‍ഷമാകും തടവ്. ഇരയായ കുട്ടിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിബി വാഹിദയാണ് ഹാജരായത്.
2019 ലാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് നാലു വയസ്സുകാരന്റെ ലൈംഗികാതിക്രമ വാര്‍ത്ത പുറം ലോകമറിഞ്ഞത്. നാലു വയസ്സുകാരന്റെ മൂത്ത സഹോദരനായ 7 വയസ്സുകാരന് തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ച കാരണത്തിലാണ് പ്രതി മൂത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ മൂത്ത കുട്ടി ചികിത്സയിലിരിക്കെ ഏപ്രില്‍ 6 ന് മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മരിച്ച കുട്ടിയും പീഢനത്തിന് ഇരയായതായി കണ്ടെത്തി.
കുട്ടികളുടെ അച്ഛന്റെ മരണ ശേഷം അമ്മ പ്രതിയായ അരുണിനൊപ്പം താമസിക്കുകയായിരുന്നു. ഇയാള്‍ നിരന്തരം കുട്ടികളെ തൊഴിക്കുകയും മുഖത്തടിക്കുകയും ചെയ്യുമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ ഇളയ കുട്ടിയുടെ മൊഴിയാണ് അരുണിന്റെ ക്രൂരമര്‍ദനം പുറത്തറിയാന്‍ കാരണമായത്. പ്രതി ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
Content Highlight – Four-year-old sexually assaulted; Defendant sentenced to 21 years in prison