പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ പ്രസംഗിക്കുമ്പോൾ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പേരിലാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രസംഗത്തിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച ശേഷമേ കേസിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നുമാണ് പി സി ജോർജ് പറയുന്നത്.
കേസിൽ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കവേ വർഗീയ പരമാർശം നടത്തിയതിന് ഫോർട്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Content Highlight: Court re-scheduled PC George’s anticipatory bail consideration to May 18th.