മെട്രോ കയറി സേവ് ദ ഡേറ്റ്; വെഡിങ് ഷൂട്ടുകള്‍ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ
കൊച്ചി മെട്രോയില്‍ ഇനി വിവാഹ വീഡിയോകള്‍ ചിത്രീകരിക്കാം. വിവാഹങ്ങളോട് അനുബന്ധിച്ചുള്ള പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകള്‍ ട്രെന്‍ഡിങ് ആകുന്ന കാലത്ത് ട്രെന്‍ഡിനോട് ചേര്‍ന്ന് ഓടുകയാണ് കൊച്ചി മെട്രോയും. വെഡിങ് ഷൂട്ടുകള്‍ക്ക് അനുമതി നല്‍കികൊണ്ട് കൊച്ചി മെട്രോ കഴിഞ്ഞ ദിവസമാണ് സാമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. മെട്രോയുടെ മുന്‍കൂര്‍ അനുമതിയോടെ വേണം ജോഡികള്‍ എത്താന്‍ എന്ന് മാത്രം.
നിശ്ചലമായ മെട്രോ ട്രെയിനിലെ ഒരു കോച്ച് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 5000 രൂപയാണ് കൊച്ചി മെട്രോ ഈടാക്കുന്നത്. പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. മൂന്ന് കോച്ച് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാനായി 12,000 രൂപയാണ് നിരക്ക്. 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്.
ഓടുന്ന മെട്രോ ട്രെയിനിലും വെഡിങ് ഷൂട്ടിന് അനുമതി ലഭിക്കും. ഓടുന്ന ട്രെയിനിലെ ഒരു കോച്ച് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാനായി 8,000 രൂപ നല്‍കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000 രൂപയും. മൂന്ന് കോച്ചുകളും ബുക്ക് ചെയ്യണമെങ്കില്‍ 17,500 രൂപയാണ് നിരക്ക്. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
സിനിമ – പരസ്യ ചിത്രീകരണങ്ങള്‍ക്കായി മെട്രോ നേരത്തേ തന്നെ സൗകര്യമൊരുക്കിയിരുന്നു. ടിക്കറ്റിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആണ് കല്യാണ ഫോട്ടോഷൂട്ടിന് കൊച്ചി മെട്രോ വേദിയൊരുക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് 99993 91592 എന്ന നമ്പറില്‍ ബന്ധപ്പെടാം
Content Highlight: Kochi Metro available for wedding shoots.