ബുൾഡോസർ നടപടി; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് റിപ്പോർട്ട് തേടി ഡൽഹി മുഖ്യമന്ത്രി
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ഇടിച്ചു നിരത്തൽ നടപടിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് റിപ്പോർട്ട് തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ബിജെപി ഭരിക്കുന്ന മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടാണ് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നു എന്ന പേരിൽ നടക്കുന്ന നടപടികൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര റിപ്പോർട്ട് തേടിയത്.
വീണ്ടുവിചാരമില്ലാത്ത ഒഴിപ്പിക്കൽ നടപടികളിലൂടെ 63 ലക്ഷത്തിലധികം ആളുകൾക്ക് വീടില്ലാതായി എന്നും സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ പൊളിക്കൽ നടപടിയാണ് ഡൽഹിയിൽ നടന്നുവരുന്നതെന്നും നേരത്തെ തന്നെ അരവിന്ദ് കേജ്രിവാൾ പറഞ്ഞിരുന്നു. ആസൂത്രിത നഗരങ്ങളുടെ പട്ടികയിലേക്ക് ഡൽഹി വളർന്നിട്ടില്ല. കാലങ്ങളോളമായി എൺപത് ശതമാനത്തോളം ആളുകളും താമസിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. അതുകൊണ്ടു തന്നെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നടപടി തുടരുന്നതിലെ അപാകതകളുമാണ് ഡൽഹി മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടിയാലോചനകളില്ലാത്ത നടപടികൾ പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി നേരത്തെ സിപിഐ എം കോടതിയെ സമീപിച്ചിരുന്നു. ബി ജെ പി പ്രാദേശിക നേതൃത്വത്തിന്റെ അനവസരത്തിലുള്ള ഇടപെടൽ ധാർമികതയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ലംഘനമാണെന്നും ആവശ്യമെങ്കിൽ ബുൾഡോസറുപയോഗിച്ച് പൊളിക്കുന്ന നടപടികളോട് പ്രതിരോധിച്ച് ജയിലിൽ പോവാൻ തയ്യാറാവണമെന്നും ആം ആദ്മി പാർട്ടി പ്രവർത്തകരോട് അരവിന്ദ് കേജ്രിവാൾ ആഹ്വാനംചെയ്തു. നിലവിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ മൂന്ന് ഡിവിഷനുകളും (നോർത്ത്, സൗത്ത്, ഈസ്റ്റ്) ഭരിക്കുന്നത് ബിജെപിയാണ്. ഈ വർഷം ഈ മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരെഞ്ഞെടുപ്പ് നടക്കും.
ഒഴിപ്പിക്കൽ നടപടികൾ തുടരാൻ തന്നെയാണ് ബി ജെ പിയുടെ നീക്കമെന്നിരിക്കെ വീടും സ്ഥലവും നഷ്ടപ്പെടുന്ന മുഴുൻ നാട്ടുകാരെയും സംഘടിപ്പിച്ച് കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണ്. ഒഴിപ്പിക്കാൻ വരുന്നവരെ, കൈവശമുള്ള എല്ലാ രേഖകളും കാണിച്ചിട്ടും അവർ പിന്നാക്കം പോവാൻ തയ്യാറാവാത്ത സാഹചര്യത്തിൽ നേരത്തെ ജഹാംഗീർ പുരയിലും മറ്റുമുണ്ടായതിന് സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇനിയും ഉണ്ടായേക്കുമെന്ന ആശങ്കയും ഡൽഹി മുഖ്യമന്ത്രി പങ്കുവെച്ചു.
Content Highlight: Arvind Kejriwal seeks explanation from Delhi Civic bodies over Bulldozer politics