അതിതീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, കടലാക്രമണ സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ കന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മെയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വേലിയേറ്റം സാധാരണയില്‍ കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
കേരളത്തിന് മുകളിലും സമീപത്തുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെയാണ് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Content Highlight: Red alert in four districts